Quantcast

സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും

'സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം'

MediaOne Logo

  • Published:

    9 July 2020 2:25 PM GMT

സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും
X

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഘടിത കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. നിലവിൽ കേന്ദ്ര ഏജൻസിയായ കസ്റ്റംസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നത്.

സിബിഐക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എന്‍ഐഎക്ക് വിടാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സംഘടിതമായ കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുമെന്നതിനാൽ വിശദമായ അന്വേഷണം വേണമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ.

സ്വർണം എവിടെ നിന്നു വന്നു, ആരിലേക്കാണ് പോകുന്നത്, ഇതിനിടയിൽ സഹായവും പിന്തുണയും ഇടപെടലും ആരിൽനിന്നെല്ലാം ഉണ്ടായി തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കും. കേസ് സിബിഐക്കു വിടണം എങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടൽ തെളിയിക്കുകയോ, കോടതി ഉത്തരവോ ആവശ്യമാണ്. അതുവരെ കാത്തിരിക്കാൻ ആകില്ല എന്നതിനാൽ കൂടിയാണ് സർക്കാർ അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.

കഴിഞ്ഞ ദിവസം തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തരമന്ത്രി അമിത്ഷാ ശേഖരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെയും ഇടപെടൽ ഉണ്ടായി. കേസ് സംബന്ധിച്ച വിവരങ്ങൾ എല്ലാ അന്വേഷണ ഏജൻസികളിൽ നിന്നും ശേഖരിച്ചിരുന്നു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമനും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

TAGS :

Next Story