സ്വര്‍ണ്ണക്കടത്ത് കേസ്; ദുബൈ കേന്ദ്രമായി അന്വേഷണം സജീവം, കൂടുതല്‍ പേര്‍ കുടുങ്ങും
ദുബൈയിൽ നിന്ന് സ്വകാര്യ പാഴ്സൽ അയക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും കണ്ടെത്താനുള്ള നടപടിയാണ് പുരോഗമിക്കുന്നത്
നയതന്ത്ര ബാഗേജ് മുഖേന സ്വർണം കടത്തിയ കേസിൽ ദുബൈ കേന്ദ്രമായി അന്വേഷണം സജീവം. ദുബൈയിൽ നിന്ന് സ്വകാര്യ പാഴ്സൽ അയക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും കണ്ടെത്താനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഉഭയകക്ഷി തലത്തിൽ ആശയവിനിമയവും ശക്തമാണ്.
ഫാസിൽ ഫരീദിനു പുറമെ മറ്റു ചിലർ കൂടി സ്വർണ കടത്തിനു പിന്നിൽ ഉണ്ടെന്നു തന്നെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായാണ് വിവരം. മുമ്പും ഡിപ്ലോമാറ്റിക് ബാഗേജുകളിൽ സ്വർണം കടത്താൻ സംഘം ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും ദുബൈ കേന്ദ്രമായി തുടരുന്ന അന്വേഷണത്തിൽ ഉൾപ്പെടും. നയന്ത്ര കേന്ദ്രത്തിലെ ജീവനക്കാരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയിൽ വരും. ദൽഹിയിലെ യു.എ.ഇ എംബസി മുഖേന കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി യു.എ.ഇ പൂർണമായും സഹകരിച്ചു വരികയാണ്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും യു.എ.ഇ പുറത്തുവിട്ടിട്ടില്ല.
എൻ.ഐ.എ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉഭയകക്ഷിതലത്തിൽ അന്വേഷണത്തിന് കൂടുതൽ ഏകോപനം ഉണ്ടാകും. കോൺസുലേറ്റിനേറ്റ കളങ്കം പരിഹരിക്കാൻ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ സാധിക്കും എന്നു തന്നെയാണ് യു.എ.ഇയുടെ പ്രതീക്ഷ. ഡിപ്ലോമാറ്റിക് ബാഗേജുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്താൻ കൂടി സ്വർണക്കടത്ത് വിവാദം യു.എ.ഇ ഉൾപ്പെടെ മിക്ക രാജ്യങ്ങളെയും പ്രേരിപ്പിക്കും.
Adjust Story Font
16