അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയക്കായി വേണ്ടത് അപൂര്‍വ ബ്ലഡ് ഗ്രൂപ്പ്; കൈ കോർത്ത് ആരോഗ്യപ്രവർത്തകർ
അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള അനുഷ്‌ക സന്തോഷ് എന്ന കുഞ്ഞിനാണ് പിപി അഥവാ ‘പി നള്‍’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പ് ആവശ്യമായിട്ടുള്ളത്.
ഗുജറാത്തിൽ സ്ഥിര താമസമായ മലയാളി ദമ്പതികളുടെ അഞ്ച് വയസ്സ് പ്രായമായ പെൺകുട്ടി കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. തുടർ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിക്കുകയും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ട ശസ്ത്രക്രിയ ഇന്നലെ വിജയകരമായി പൂർത്തീകരിച്ചു. അടുത്ത ഘട്ടത്തിലുള്ള ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. പിപി അഥവാ ‘പി നള്‍’ ഫെനോടൈപ്പ് എന്ന അത്യപൂർവ്വ രക്ത ഗ്രൂപ്പാണ് കുട്ടിയുടേത്. ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരില്‍ മാത്രമാണ് ഈ രക്തം കണ്ടെത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഈ രക്ത ഗ്രൂപ്പുള്ളവരെ കണ്ടെത്താൻ ഇന്ത്യക്കകത്തും പുറത്തും തിരച്ചിലിലാണ് ആരോഗ്യപ്രവര്‍ത്തകർ. 2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ ആളുടേത് ‘പി നള്‍’ ഫെനോടൈപ്പ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ രക്തത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചെങ്കിലും എബിഒ ചേര്‍ച്ചയില്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
Adjust Story Font
16