'കസ്റ്റംസും പൊലീസും കൂട്ടുനില്‍ക്കുന്നു, രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ട്': സ്വര്‍ണക്കടത്തിന്‍റെ വഴികള്‍ വെളിപ്പെടുത്തി മുന്‍ സംഘാംഗം
മുമ്പ് കളളക്കടത്തില്‍ സജീവമായിരുന്ന കോഴിക്കോട് സ്വദേശി മീഡിയവണിനോട്
സംസ്ഥാനത്തേക്കുള്ള സ്വര്‍ണ കള്ളക്കടത്തിന് രാഷ്ട്രീയക്കാരുടെ ഒത്താശയുമുണ്ടെന്ന് കള്ളക്കടത്ത് സംഘാംഗമായിരുന്നയാള്‍ മീഡിയവണിനോട്. വന്‍ പിന്‍ബലമില്ലെങ്കില്‍ ഇത്തരത്തില്‍ സ്ഥിരമായി സ്വര്‍ണം കടത്താനാവില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരില്‍ നിന്ന് പണം പറ്റുന്നുവെന്ന് മുമ്പ് കളളക്കടത്തില്‍ സജീവമായിരുന്ന കോഴിക്കോട് സ്വദേശി മീഡിയവണിനോട് പറഞ്ഞു.
"ഇവിടെ നിന്ന് വിസിറ്റിങ് വിസ എടുത്ത് തന്ന് ഏജന്‍റ് കൊണ്ടുപോകും. ഏത് നാട്ടിലേക്കാണോ പോകുന്നത് ആ നാട്ടിലെ പൈസ തരും. ഞാന്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ചെറിയ പെട്ടിയുമായി ആള് വന്നു. ഇന്ന ആളല്ലേ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. പെട്ടി തന്നിട്ട് എന്തെങ്കിലും വിഷയമുണ്ടായാല്‍ ഇത് കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് 1000 ദിര്‍ഹം തന്നു. കൊച്ചിയിലേക്ക് പോകാനാണ് പറഞ്ഞത്. നേരെ കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍ ചെക്കിങൊന്നും ഇല്ല. എല്ലാവരെയും പോലെ പുറത്തിറങ്ങി. പുറത്ത് ആളുണ്ടായിരുന്നു. പെട്ടി കൊടുത്തിട്ട് നേരെ കൊടുവള്ളിക്ക് പോന്നു. 30000 രൂപയും ദുബൈ കാണാന്‍ അവസരവുമാണ് പ്രതിഫലം"- എന്നാണ് യുവാവ് പറഞ്ഞത്.
കസ്റ്റംസും പോലീസ് ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തിന് കൂട്ട് നില്‍ക്കുന്നു. പിടിക്കപ്പെടുന്നത് തന്നെ ഒറ്റുമ്പോഴാണ്. ഏജന്‍റുമാര്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുന്നതാണ്. ഇവര്‍ സ്വര്‍ണവുമായി പോകുന്നവരുടെ ഫോട്ടോ എടുത്ത് കസ്റ്റംസ് വിജിലന്‍സ് സ്ക്വാഡിന് അയച്ചുകൊടുക്കും. അതും വിമാനത്താവളത്തില്‍ നിന്നല്ല പിടിക്കുന്നത്. പുറത്തുനിന്നാണ് പിടിക്കുന്നതെന്നും യുവാവ് പറഞ്ഞു.
ഒരു കിലോയില്‍ കൂടുതല്‍ സ്വര്‍ണവുമായി വന്ന് പിടിക്കപ്പെട്ടാല്‍ റിമാന്‍ഡ് ആവും. ജാമ്യം കിട്ടില്ല. 900 ഗ്രാം ആവുമ്പോള്‍ ആള്‍ജാമ്യം കിട്ടും. കുടുങ്ങിക്കഴിഞ്ഞാല്‍ കുടുംബം തന്നെ പ്രശ്നത്തിലാകുമെന്ന് തോന്നിയപ്പോഴാണ് ഈ പരിപാടി നിര്‍ത്തിയത്. കേസും വാര്‍ത്തയും ആകെ പ്രശ്നമാകും. പട്ടിണിയായാലും വേണ്ട ഈ പണി വേണ്ട, സമാധാനമുണ്ടാകുമല്ലോയെന്ന് ഭാര്യയും പറഞ്ഞു. അങ്ങനെയാണ് നിര്‍ത്തിയതെന്ന് യുവാവ് പറഞ്ഞു.
Adjust Story Font
16