Quantcast

പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം: പാലത്തായി പീഡന കേസിലെ ഇരയുടെ മാതാവ് ഹൈക്കോടതിയില്‍

പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ടെന്നും അപേക്ഷയില്‍

MediaOne Logo

Web Desk

  • Published:

    23 July 2020 11:57 AM GMT

പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം: പാലത്തായി പീഡന കേസിലെ ഇരയുടെ മാതാവ് ഹൈക്കോടതിയില്‍
X

പാലത്തായി പീഡനക്കേസിലെ ഇരയുടെ മാതാവ്, പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റപത്രം പൂര്‍ണമല്ല പോക്സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് ഉത്തരവ്. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ഒരാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്.

ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയത്. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്സോ കുറവ് ചെയ്ത കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ട പെട്ടെന്നും ക്രിമിനൽ ചട്ട നിയമത്തിന്‍റെ 439(1A) പ്രകാരം ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ജാമ്യം റദ്ദ് ചെയ്യാനുള്ള ഈ കേസിൽ പറയുന്നു.

പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ടെന്നും അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്‍റെ വിചാരണ നടത്തേണ്ടതുണ്ടെന്നും അഡ്വ മുഹമ്മദ് ഷാ, അഡ്വ സൂരജ്, അഡ്വ. ജനൈസ് എന്നിവർ മുഖാന്തിരം കൊടുത്ത അപേക്ഷയിൽ പറയുന്നു.

കുറ്റപത്രത്തിൽ 376 lPC അതുപോലെ പോക്സോ വകുപ്പുകൾ ചേർക്കണമെന്നാവശ്യപെട്ട് ഇരയുടെ മാതാവ് തലശേരി പോക്സോ കോടതിയെ സമീപിച്ചിരുന്നു. പോക്സോ കോടതി പുനരന്വേഷണത്തിനുത്തരവിട്ടെങ്കിലും ഈ അന്വേഷണ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്നും അതിനാൽ നിഷ്പക്ഷരായ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കണം എന്നുമാവശ്യപെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും ഇരയുടെ മാതാവിന്‍റെ അഭിഭാഷകർ അറിയിച്ചു.

TAGS :

Next Story