സര്‍ക്കാര്‍ കരിമ്പട്ടികയില്‍; പക്ഷേ, പി.ഡബ്ലു.സി കമ്പനി, ഇപ്പോഴും കെ ഫോൺ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റ്
പി.ഡബ്ലു.സിയെ ഒഴിവാക്കണമെന്ന ഐ ടി വകുപ്പ് തലവന്‍റെ നിര്‍ദേശത്തെ ധനവകുപ്പ് പിന്തുണച്ചിരുന്നു
സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ പി.ഡബ്ലു.സി കമ്പനി, കെ ഫോണ്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായി തുടരുന്നു. പി.ഡബ്ലു.സിയെ ഒഴിവാക്കണമെന്ന ഐ ടി വകുപ്പ് തലവന്‍റെ നിര്‍ദേശത്തെ ധനവകുപ്പ് പിന്തുണച്ചിരുന്നു. പി.ഡബ്ലു.സിയെ ഒഴിവാക്കണമെന്ന് ഐ ടി സെക്രട്ടറിയായിരുന്ന സഞ്ജയ് കൗൾ ഫയലിൽ കുറിച്ചതിന്‍റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.
സ്വപ്ന സുരേഷ് രാജ്യദ്രോഹ കുറ്റം ചുമഴ്ത്തപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് പി.ഡബ്ലു.സിയെ കെ ഫോൺ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ അന്നത്തെ ഐടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സഞ്ജയ് കൗൾ കഴിഞ്ഞ ജൂലൈ 23 ന് ഫയൽ വഴി സർക്കാരിനോട് ശുപാർശ ചെയ്തത്.
ഇക്കാര്യത്തെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും അനുകൂലിച്ചു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഐ ടി വകുപ്പിന്‍റെ എല്ലാ പദ്ധതികളിൽ നിന്നും പി.ഡബ്ലു.സിയെ വിലക്കണമെന്ന് കഴിഞ്ഞ ജൂലൈ 17 ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഐ ടി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കമ്പനിയെ കരിമ്പട്ടികയിലും പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇ മൊബിലിറ്റി, സ്പെസ് പാർക്ക് പദ്ധതികളിൽ നിന്ന് സർക്കാർ കമ്പനിയെ പുറത്താക്കി.
എന്നാൽ സർക്കാർ ഇതുവരെ കെ ഫോണിൽ പി.ഡബ്ലു.സിയെ നീക്കാൻ തയ്യാറായിട്ടില്ല. ഇതിനോടകം മൂന്നര കോടി രൂപ കൺസൾട്ടൻസി ഫീസായി നൽകി. കെ ഫോൺ പദ്ധതിയിൽ പി.ഡബ്ലു.സിയുടെ കരാർ ഡിസംബർ വരെയാണ്. ഡിസംബറിന് മുൻപെ പി.ഡബ്ലു.സിയെ ഒഴിവാക്കുന്നത് പരിശോധിയ്ക്കാൻ നിയമ വകുപ്പിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അതേസമയം കെ ഫോൺ പദ്ധതിയിൽ നിന്ന് പി.ഡബ്ലു.സിയെ മാറ്റുന്ന കാര്യം നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നാണ് ഐ ടി വകുപ്പിന്‍റെ വിശദീകരണം
പി.ഡബ്ലു.സിയെ കെ ഫോണിൽ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിയും രണ്ട് വകുപ്പ് സെക്രട്ടറിമാരും ആവശ്യപ്പെട്ട് 2 മാസം കഴിഞ്ഞിട്ടും സർക്കാരിന് കണ്ട മട്ടില്ല. മറ്റു വകുപ്പുകളിൽ പി.ഡബ്ലു.സിയെ സർക്കാർ പുറത്താക്കിയിട്ടും കെ ഫോണിൽ നിന്ന് മാറ്റാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
Adjust Story Font
16