Quantcast

കെ.എം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍: ആരാണീ തേജസ്..?

പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് എന്ന ആളാണ് ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയിലെ ആരോപണ വിധേയന്‍. തേജസിനെക്കുറിച്ച് നടത്തിയ അന്വേക്ഷണത്തില്‍ പൊലീസിന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ...

MediaOne Logo

  • Published:

    21 Oct 2020 3:10 PM GMT

കെ.എം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍: ആരാണീ തേജസ്..?
X

കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കുന്ന പാപ്പിനിശേരി സ്വദേശിക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തന്നെ വധിക്കാന്‍ കണ്ണൂരിലെ സി.പി.എമ്മുകാരന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു കെ.എം ഷാജി എം.എല്‍.എയുടെ ആരോപണം. സി.പി.എം പ്രവര്‍ത്തകനും ക്വട്ടേഷന്‍ സംഘവും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പുകള്‍ സഹിതം തിങ്കളാഴ്ച കെ.എം ഷാജി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കി. പരാതി ഡി.ജി.പി വളപട്ടണം പൊലീസിന് കൈമാറി.

പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് എന്ന ആളാണ് ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയിലെ ആരോപണ വിധേയന്‍. തേജസിനെക്കുറിച്ച് നടത്തിയ അന്വേക്ഷണത്തില്‍ പൊലീസിന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ-

ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ മൊഴി. രണ്ട് ദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടുകാരും ബന്ധുക്കളുമടക്കമുളള നിരവധി പേരില്‍ നിന്നായി പൊലീസ് തേജസിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

പയ്യന്നൂര്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തേജസ്. എന്നാല്‍ സി.പി.എം അനുഭാവിയാണങ്കിലും നിലവില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസിന് നാട്ടില്‍ കാര്യമായ സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു തേജസ് പഠിച്ചത്. ഇവിടെയുളള ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്തേക്ക് ഇയാള്‍ കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. സംസ്ഥാനത്ത് എവിടെയും നിലവില്‍ തേജസിനെതിരെ മറ്റ് കേസുകളൊന്നും രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടില്ലന്നും പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് തവണ വളപട്ടണം പൊലീസ് കെ.എം ഷാജിയെ ബന്ധപ്പെട്ടെങ്കിലും എം.എല്‍.എ അസൌകര്യം അറിയിച്ചതായും പൊലീസ് പറഞ്ഞു.

TAGS :

Next Story