Quantcast

സേവ് ദി ഡേറ്റാണോ, അതോ പിറന്നാളോ; കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസിലേക്ക് പോന്നോളൂ

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും

MediaOne Logo

  • Published:

    29 Oct 2020 7:45 AM GMT

സേവ് ദി ഡേറ്റാണോ, അതോ പിറന്നാളോ; കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസിലേക്ക് പോന്നോളൂ
X

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തതക്കായി എന്ത് പരീക്ഷിക്കാമെന്ന് തല പുകച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. കടലിലോ കപ്പലിലോ ആകാശത്തോ വേണമെങ്കില്‍ ഫോട്ടോഷൂട്ട് നടത്താന്‍ വധൂവരന്‍മാരും റെഡിയാണ്. അങ്ങിനെ വൈവിധ്യമാഗ്രഹിക്കുന്നവര്‍ക്കായി ഒരു ബസ് തന്നെ വിട്ടു നല്‍കുകയാണ് കെ.എസ്.ആര്‍.ടി.സി

സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും. കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. ഇവരുടെ 2021 ജനുവരിയിൽ നടക്കുന്ന വിവാഹത്തിനായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിലാണ് ആനവണ്ടിയും തകർത്ത് അഭിനയിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ കാലപ്പഴക്കം വന്ന ബസുകളെ കൃത്യമായി ഗതാഗത ആവശ്യത്തിനല്ലാതെ പുനർ ഉപയോഗിച്ച് കൊണ്ട്, മറ്റ് സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്ന കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എസ്.എസിന്‍റെ ആശയത്തിന് ആദ്യമായി ആവിഷ്കാരം നൽകിയിരിക്കുന്നത് ഫെസ്റ്റൂണ്‍ ആഡ്സ് എന്ന വെഡിങ് കമ്പനി ആണ്.

പുളിമാത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥനായ ഗണേശിന്‍റെയും ജേർണലിസം വിദ്യാർഥിനിയായ ലക്ഷ്മിയുടെയും 2021 ജനുവരിയിൽ നടക്കുന്ന വിവാഹത്തിനായി വ്യത്യസ്തമായ സേവ് ദ ഡേറ്റ് ക്ഷണക്കത്തും വീഡിയോയും ആവിഷ്കരിച്ചിരിക്കുന്നത് ക്യാമറാമാൻ ഷിജിൻ ശാന്തിഗിരിയും, ഫോട്ടോഗ്രാഫർ സജനൻ വെഞ്ഞാറമൂടും,വിഷ്ണുദാസ് കടയ്ക്കലും ചേർന്നാണ്. സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് സാബു തിരുമലയും സംവിധാനം ചെയ്തിരിക്കുന്നത് ആദർശ് രാജേന്ദ്രൻ വെമ്പായവും റിയാസ് വട്ടിയൂർക്കാവുമാണ്.

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതിര വരുമാന വർദ്ധനവിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഈ ബസിൽ വിവാഹ പ്രീവെഡിം​ഗ്, പോസ്റ്റ് വെഡിം​ഗ് ഷൂട്ടുകൾക്കും, ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും. ബസിന്‍റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം ഉണ്ട്. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്‍റെ മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്.

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടക കൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്‍റുമാര്‍ക്കും ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. വിജയകരമാകുന്ന മുറയ്ക്ക് കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആർ.ടി.സി ഈ പദ്ധതി വ്യാപിക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

TAGS :

Next Story