മുന്നാക്കസംവരണം; സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം
എസ്.എന്‍.ഡി.പി എല്ലാ യൂണിയനുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയും സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും
മുന്നാക്കസംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ ഇന്ന് എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം. എസ്.എന്‍.ഡി.പി എല്ലാ യൂണിയനുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയും സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും. സമസ്ത കോഴിക്കോട് നടത്തുന്ന അവകാശ പ്രഖ്യാപന സമ്മേളനം ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍ രണ്ട് ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചാരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം യൂണിയനുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യൂണിയനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടി കണിച്ചുകുളങ്ങര യൂണിയനില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിയില്‍ സംവരണ സംരക്ഷണ പ്രതിജ്ഞയും അംഗങ്ങള്‍ ചൊല്ലും. പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിനും സെമിനാറുകളും മറ്റു നടത്തി സാമുദായിക സംവരണം ചര്ച്ചയാക്കാനും എസ്.എന്‍.ഡി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംവരണ അട്ടിമറിക്കെതിരെ സമസ്തയുടെ പ്രത്യക്ഷ പ്രക്ഷോഭത്തിനാണ് ഇന്ന് കോഴിക്കോട് തുടക്കമാവുന്നത്. കോഴിക്കോട് സമസ്ത ഓഫീസില്‍ നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള് ഉദ്ഘാടനം ചെയ്യും. സമസ്തയുടെ പോഷക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 10 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കാനും സമസ്ത ഘടകങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംവരണ വിഷയത്തിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സമസ്ത സംവരണ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്.
Adjust Story Font
16