അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി പിടിച്ചെടുത്തു
ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നടന്ന റെയ്ഡിൽ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ഇഡി അന്വേഷണസംഘം പിടിച്ചെടുത്തു. ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നടന്ന റെയ്ഡിൽ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബിനീഷ് കോടിയേരിയുടെ വീട്ടിലടക്കം ആറിടങ്ങളിലായി നടന്ന റെയ്ഡ് രാത്രി വരെ നീണ്ടു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാർഡ് കണ്ടെത്തി. ഒരു മൊബൈൽ ഫോൺ പരിശോധിക്കുകയും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയ്ഡ് 10 മണിക്കൂർ നീണ്ടു. മാൻ പവർ കൺസൽട്ടൻസി നടത്തുന്ന അല്‍ ജസാം അബ്ദുൾ ജാഫറുമായും ബിനീഷിന് ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്ന നിഗമനത്തിലാണ് അരുവിക്കരയിൽ ഉള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
അബ്ദുൾ ജാഫറിന്‍റെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ബിനീഷിന്‍റെ ബിനാമി എന്ന് കരുതുന്ന അബ്ദുൽ ലത്തീഫിന്‍റെ കവടിയാറിലെ വീട്ടിലും, ഇയാളുടെ ഉടമസ്ഥതയിലുള്ള കേശവദാസപുരത്തുള്ള കാർ പാലസ് എന്ന സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തി. സ്റ്റാച്യു ചിറക്കുളം റോഡിലെ അനന്തപത്മനാഭന്‍ എന്ന ആളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനത്തിലും അരുണ്‍ വര്‍ഗീസ് എന്നയാളുടെ പട്ടത്തുള്ള കെ കെ ഗ്രാനൈറ്റ്സ് ഓഫിസിലും നടന്ന റെയ്ഡും രാത്രിവരെ നീണ്ടു. മയക്കുമരുന്ന് കേസിൽ ബിനീഷ് നടത്തിയ പണമിടപാടുകൾ കണ്ടെത്താൻ ആവശ്യമെങ്കിൽ തലസ്ഥാനത്തടക്കം കൂടുതൽ പരിശോധനകൾ നടത്താനാണ് ഇഡിയുടെ തീരുമാനം.
Adjust Story Font
16