Quantcast

കോവിഡ് പരിശോധന ഫലം കാത്തിരിക്കുന്നു; പെന്നാർ ഇൻഡസ്ട്രീസ് എം.ഡി ആദിത്യ നാരായണ റാവു ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരായില്ല

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എട്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്

MediaOne Logo

  • Published:

    6 Nov 2020 7:50 AM GMT

കോവിഡ് പരിശോധന ഫലം കാത്തിരിക്കുന്നു; പെന്നാർ ഇൻഡസ്ട്രീസ് എം.ഡി ആദിത്യ നാരായണ റാവു ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരായില്ല
X

ലൈഫ് മിഷൻ അഴിമതിക്കേസിൽ എന്‍ഫോഴ്സ്‍മെന്‍റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച പെന്നാർ ഇൻഡസ്ട്രീസ് എം.ഡി ആദിത്യ നാരായണ റാവു അന്വേണ സംഘത്തിന് മുന്നിൽ ഹാജരായില്ല. കോവിഡ് പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് ആദിത്യ നാരായണ റാവു ഇഡിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കറിനെ എട്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോവിഡ് പോസറ്റീവായതിനാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

വടക്കാഞ്ചേരി മോഡലിൽ വയനാട് പൂതാടി പഞ്ചായത്തിൽ ലൈഫ്മിഷൻ കരാർ ലഭിച്ച കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ്. 6.62 കോടി രൂപയുടെ പദ്ധതി കമ്പനിക്ക് ലഭിക്കുന്നതിന് സ്വപ്ന ഇടനിലക്കാരിയായി വൻ തുകയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ഇഡി നിഗമനം. പെന്നാര്‍ ഇന്‍ഡസ്ട്രീസിൽ ഇ ഡി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പെന്നാർ ഇൻഡസ്ട്രീസ് എംഡി ആദിത്യ നാരായണ റാവുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.എന്നാൽ കോവിഡ് പരിശോധന ഫലത്തിന് കാത്തിരിക്കുന്നതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് ആദിത്യ നാരായണ റാവു ഇഡിയെ അറിയിച്ചു .

അതേസമയം കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ശിവശങ്കറിന് കീഴിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായ ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. ശിവശങ്കറിനെ മുൻനിർത്തി വലിയൊരു ലോബി ഇതിന് പിന്നിൽ പ്രവർത്തിച്ചതായും ഇ.ഡി സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനാൽ രവീന്ദ്രൻ ഹാജരായില്ല. ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിൽ വിശദീകരണം തേടാനാണ് രവീന്ദ്രനെ ഇഡി വിളിപ്പിച്ചതെന്നാണ് സൂചന.

TAGS :

Next Story