Quantcast

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്തിച്ചേരാനാണ് നിർദ്ദേശം. അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്

MediaOne Logo

  • Published:

    7 Nov 2020 7:01 AM GMT

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
X

യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയുടെ ഗണ്‍മാനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ മന്ത്രിയുടെ കീഴിലുള്ള സി ആപ്റ്റ് വഴി വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ കെ.ടി ജലീലിന് നിര്‍ദ്ദേശം നല്‍കിയത്. കോണ്‍സുലേറ്റ് വഴി വന്ന ഖുര്‍ആന് നികുതി ഇളവ് ലഭിച്ചിട്ടുണ്ട്. ഇത് പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തില്‍ മന്ത്രി ജലീലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.

ഖുര്‍അന്‍ വിതരണം ചെയ്ത കേസിന് പുറമേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് തിങ്കളാഴ്ച ജലീലില്‍ നിന്ന് വിവരങ്ങള്‍ ആരായും. ജലീലിന്‍റെ ഗണ്‍മാനെ കസ്റ്റംസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്‍റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചിരുന്നു. കെ. ടി ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും എന്‍.ഐ.എയും നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.

TAGS :

Next Story