Quantcast

ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ 'തറ പറ്റിച്ച' ഇടുക്കിക്കാരി

183 അക്ഷരങ്ങളുള്ള വാക്കാണ് ദിയ ഒഴുക്കോടെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തരൂരിനെ അതിശയിപ്പിച്ചത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:33:25.0

Published:

9 Nov 2020 3:58 AM GMT

ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ തറ പറ്റിച്ച ഇടുക്കിക്കാരി
X

ശശി തരൂര്‍ എം.പി പറയുന്ന നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകള്‍ കേട്ട് അന്തം വിട്ട് ഗൂഗിളും ഡിക്ഷണറിയുമെല്ലാം തപ്പിപ്പോയവരാണ് നമ്മള്‍. ഒരു പിടിയും തരാത്ത പല വാക്കുകളും പറയാന്‍ തന്നെ ഒരു സമയമെടുക്കും. എന്നാല്‍ തരൂരിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഇടുക്കിക്കാരി. അതും ഒരു പത്താംക്ലാസുകാരി പതിനഞ്ചുകാരി. ദിയ പറയുന്ന ഇംഗ്ലീഷ് വാക്ക് കേട്ട് ഞെട്ടിപ്പോയ തരൂര്‍ മലയാളിക്കുട്ടിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. ദിയയുമായി സംസാരിച്ചതിന്‍റെ വീഡിയോ തരൂര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

''Lopado­temacho­selacho­galeo­kranio­leipsano­drim­hypo­trimmato­silphio­karabo­melito­katakechy­meno­kichl­epi­kossypho­phatto­perister­alektryon­opte­kephallio­kigklo­peleio­lagoio­siraio­baphe­tragano­pterygon'' എന്ന 183 അക്ഷരങ്ങളുള്ള വാക്കാണ് ദിയ ഒഴുക്കോടെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തരൂരിനെ അതിശയിപ്പിച്ചത്. ഒരു സ്വകാര്യ എഫ്.എം ചാനല്‍ നടത്തിയ പ്രോഗ്രാമിലൂടെയാണ് ദിയ തന്‍റെ ഭാഷാ പ്രാവീണ്യം തരൂരിന് മുന്നില്‍ തെളിയിച്ചത്.

തരൂര്‍ എന്ന പ്രചോദനം

തരൂര്‍ സാറിന്‍റെ ഇംഗ്ലീഷ് ഞാന്‍ ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ പോലെ അത്രയും വലിയ ആള്‍ക്ക് മുന്നില്‍ എങ്ങിനെ പറയും എന്നൊരു പേടിയൊക്ക ഉണ്ടായിരുന്നു. പക്ഷെ എന്ന അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അദ്ദേഹം എന്നെ അഭിനന്ദിച്ചു. എന്താണ് ആ വാക്കിന്‍റെ അര്‍ഥമെന്തെന്ന് ചോദിച്ചു. നിത്യജീവിതത്തില്‍ ഉപയോഗ പ്രദമായ വാക്കുകള്‍ കൂടുതല്‍ പഠിക്കണമെന്നായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായിരുന്നു അത്. കുട്ടിയായിരിക്കുമ്പോഴെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായിരുന്നു ഇംഗ്ലീഷ്. അതിനോട് ഇത്ര ഇഷ്ടം തോന്നാന്‍ കാരണം തരൂര്‍ സാറുമാണ്.

ഇംഗ്ലീഷിനോടുള്ള ഇഷ്ടം കൊണ്ട് അതുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അതിലെല്ലാം ഒന്നാം സ്ഥാനവും ലഭിക്കാറുണ്ട്. മത്സരവുമായി ബന്ധപ്പെട്ട് ഒത്തിരിയേറെ സ്ഥലങ്ങളില്‍ പോകാന്‍ സാധിച്ചിട്ടുണ്ട്. അത് തന്‍റെ ഇംഗ്ലീഷിനെ മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്ന് ദിയ പറയുന്നു. താന്‍ പറഞ്ഞ നീളമേറിയ വാക്ക് കേട്ട് അത് ഇംഗ്ലീഷല്ലെന്ന വാദമുഖവുമായി രംഗത്തെത്തിയെന്ന് ദിയ പറഞ്ഞു. എന്നാല്‍ അത് ഇംഗ്ലീഷ് വാക്ക് തന്നെയാണെന്നും ഗൂഗിളില്‍ തെരഞ്ഞാല്‍ അത് മനസിലാകുമെന്നും ദിയ പറഞ്ഞു.

ഇംഗ്ലീഷും ഹിസ്റ്ററിയും

ഏറ്റവും ഇഷ്ടപ്പെട്ട വിഷയമേതെന്ന് ചോദിച്ചാല്‍ ദിയ പറയും അത് ഇംഗ്ലീഷും ഹിസ്റ്ററിയുമാണെന്ന്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയാണ് പുതിയ പുതിയ ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കുന്നത്. ഒത്തിരി ഇഷ്ടമാണ് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍. പൌലോ കൊയ്‍ലോയും ജെ.കെ റൌളിംഗുമാണ് ദിയയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍. നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളോടാണ് കൂടുതല്‍ താല്‍പര്യം.

ജീവിതം വെറുതെയങ്ങ് ജീവിച്ച് തീര്‍ത്താല്‍ പോരാ..എന്തെങ്കിലും അടയാളപ്പെടുത്തി ജീവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഇത്തരം വാക്കുകളെ തേടിപ്പിടിച്ച് പഠിച്ചെടുത്തതെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. എല്ലാരും പഠിക്കുന്നത് സയന്‍സും കെമിസ്ട്രിയുമൊക്കെയാണ്..പക്ഷെ മറ്റുള്ളവരെപ്പോലെയാകരുതല്ലോ നമ്മള്‍. വ്യത്യസ്തമായിരിക്കണം എന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് ഹിസ്റ്ററി തെരഞ്ഞെടുത്തത്. പിന്നെ സമൂഹവും രാഷ്ട്രവുമായി ബന്ധപ്പെട്ട് കിടക്കുന്നത് ചരിത്രമാണല്ലോ. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ആണ് ദിയയുടെ ലക്ഷ്യം.

കുടുംബം, സ്കൂള്‍

അടിമാലി പാറത്തോട് വള്ളോംപുരയിടത്തിൽ ബിനോയി സിറിയക്കിന്‍റെയും സിനിയുടെയും മകളാണ് ദിയ. രാജമുടി ഡീപോൾ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയും. തന്‍റെ ഇംഗ്ലീഷ് പ്രണയത്തിന് വീട്ടുകാരും അധ്യാപകരും കട്ട സപ്പോര്‍ട്ടാണെന്ന് ദിയ പറയുന്നു. ടൈടിൻ'എന്ന പ്രോട്ടീന്‍റെ രാസനാമമായ 1,89,819 അക്ഷരങ്ങളുള്ള വാക്ക് പഠിച്ചെടുക്കുകയാണ് ദിയയുടെ അടുത്ത ലക്ഷ്യം. ഈ വാക്ക് പറഞ്ഞുതീര്‍ക്കണമെങ്കില്‍ മൂന്നു മണിക്കൂറോളം വേണ്ടിവരും. പക്ഷെ അതൊന്നും പ്രശ്നമേയല്ല, പഠിച്ചെടുത്തേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് ഈ പത്താംക്ലാസുകാരി.

TAGS :

Next Story