ശബരിമല തീർത്ഥാടനത്തിന് രണ്ടു നാള്‍ മാത്രം; ഇടത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടക്കുന്ന തീർത്ഥാടനത്തില്‍ ഭക്തർക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാനോ ദീർഘനേരം വിശ്രമിക്കാനോ അനുമതിയില്ല
മണ്ഡലകാലം തുടങ്ങാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളങ്ങളായ എരുമേലിയിലും പന്തളത്തും ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടക്കുന്ന തീർത്ഥാടനത്തില്‍ ഭക്തർക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാനോ ദീർഘനേരം വിശ്രമിക്കാനോ അനുമതിയില്ല. ഏരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
തുലാമാസപൂജ കാലത്തിന് സമാനമായ രീതിയിലാണ് മണ്ഡല - മകരവിളക്ക് തീർത്ഥാടനവും മുന്നോട്ട് കൊണ്ട് പോവാന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇടത്താവളങ്ങളിലും കനത്ത ജാഗ്രത പാലിച്ചാവും തീർത്ഥാടകരെ അനുവദിക്കുക . പ്രധാന ഇടത്താവളങ്ങളായ എരുമേലിയിലും പന്തളത്തും നിയന്ത്രണങ്ങളുണ്ട് . എരുമേലി പേട്ട തുള്ളലിന് ഒരു സമയം അഞ്ച് പേർക്ക് മാത്രമാവും അനുമതി ഉണ്ടാവുക. പേട്ടതുള്ളതിന് ആവശ്യമായ ഉപകരണങ്ങള് സ്വയം കരുതണമെന്നും വർണ കുങ്കുമങ്ങള്‍ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
പന്തളം ക്ഷേത്രത്തിലും മണികണ്ഠന്‍ ആല്‍ത്തറയിലുമടക്കം കർശന നിയന്ത്രണങ്ങള്‍ പാലിച്ചാവും തീർത്ഥാടകരെ അനുവദിക്കുക . പന്തളത്തിനും എരുമേലിക്കും പുറമെ മറ്റ് ഇടത്താവളങ്ങളിലും ഭക്തർക്ക് ദീർഘനേരം വിശ്രമിക്കാനോ വിരിവയ്ക്കാനോ അനുമതിയില്ല. തീർത്ഥാടനത്തിനോട് അനുബന്ധിച്ച് മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂർത്തിയായതാണ് പത്തംതിട്ട - കോട്ടയം ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് തീർത്ഥാടനം നല്ല നിലയില്‍ നടത്താനാകുമെന്നുമെന്നാണ് ദേവസ്വം ബോർഡ് അധികൃതരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
Adjust Story Font
16