Quantcast

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം; കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍

കിഫ്ബി വായ്പകള്‍ സ‍ര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാല്‍ കിഫ്ബിയുടെ വായ്പകള്‍ കൂടി ആകെ കടമെടുപ്പിന്‍റെ പരിധിയില്‍ വരും

MediaOne Logo

  • Published:

    20 Nov 2020 1:28 AM GMT

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം; കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍
X

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം ആകെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വായ്പകള്‍ സ‍ര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാല്‍ കിഫ്ബിയുടെ വായ്പകള്‍ കൂടി ആകെ കടമെടുപ്പിന്‍റെ പരിധിയില്‍ വരും. ഇതോടെ കിഫ്ബിയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. അതിനാല്‍ സിഎജിയുടെ നീക്കത്തെ നേരിടാന്‍ നിയമപോരാട്ടത്തെ കുറിച്ചുള്ള ആലോചനയും സ‍ര്‍ക്കാര്‍ നടത്തും.

ആഭ്യന്തര വരു‌മാനത്തിന്‍റെ മൂന്ന് ശതമാനത്തിന് തുല്യമായ പണം മാത്രമേ വായ്പയായി സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയൂ. ഇത് മറികടക്കാനായിരുന്നു കിഫ്ബിയെന്ന കോര്‍പറേറ്റ് ബോഡി വഴി വികസന പ്രവർത്തനങ്ങള്‍ക്കായി പ്രത്യേകം കടമെടുപ്പ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ ഈ വായ്പ സര്‍ക്കാരിന്‍റെ പ്രത്യക്ഷ ബാധ്യതയില്‍ വരുമെന്നാണ് സി.എ.ജി നിലപാട്. ഇതോടെ മൂന്ന് ശതമാനം എന്ന കടമെടുപ്പ് പരിധിയിലേക്ക് കിഫ്ബി വായ്പകള്‍ കൂടി വരും. അങ്ങനെ വരുമ്പോള്‍‌ കിഫ്ബി വഴി ഉദ്ദേശിച്ച പ്രയോജനവും കിട്ടില്ല. സിഎജിയുടെ നീക്കത്തെ മറികടക്കാനായില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് പോകെന്നാണ് സർക്കാരിന്‍റെ ആശങ്ക

കിഫ്ബിയ്ക്ക് വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കാനായി ആർ.ബി.ഐ നല്‍കിയ അനുമതിയെയും സി.എ.ജി അന്തിമ റിപ്പോർട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. ആക്സിസ് ബാങ്ക് വഴി നല്‍കിയ അപേക്ഷയിലൂടെയായിരുന്നു മസാല ബോണ്ട് ഇറക്കാനുള്ള അനുമതി റിസർവ് ബാങ്ക് നല്‍കിയത്. ഇങ്ങനെയുള്ള അനുമതി രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന സംശയവും സിഎജി ഉയര്‍ത്തുന്നു. വിദേശ വിപണിയില്‍ നിന്ന് വായ്പയെടുത്തതോടെ കേന്ദ്ര സർക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറിയെന്ന ഗുരുതര പരാമർശും സി.എ.ജി നടത്തിയതും സംസ്ഥാനത്തെ വെട്ടിലാക്കി.

TAGS :

Next Story