Quantcast

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍

ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം

MediaOne Logo

  • Published:

    21 Nov 2020 7:02 AM GMT

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍
X

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. സ്‌പെഷ്യല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടത്തി വോട്ട് ചെയ്യാനാനുള്ള അനുമതി.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാനുള്ള സമയം. ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം. അതേസമയം നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജിതമാക്കി. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

TAGS :

Next Story