'അടിക്കുമായിരുന്നു, കൊറോണ ആയത് കൊണ്ടാണ് അടിക്കാഞ്ഞത്, പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തത്'; പൊലീസ് മർദ്ദനത്തില്‍ സി.ഐയുടെ വിശദീകരണം
വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് പൊലീസ് ആക്ട് അമന്‍ഡ്മെന്‍റ് പ്രകാരമൊക്കെയുള്ള നിയമനടപടികളുടെ സാധ്യത പരിശോധിക്കുമെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു
കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാരെ മര്‍ദിക്കുകയും അസഭ്യം പറയുന്നതുമായ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ചെറുപ്പുഴ സി.ഐ വിനീഷ് കുമാര്‍. ചെറുപ്പുഴ ചിറ്റാരിക്കല്‍ പാലത്തിന് സമീപമുള്ള വഴിയോരകച്ചവടക്കാര്‍ക്കെതിരെ പലതവണ വ്യാപാരികള്‍ പരാതി നല്‍കിയതായും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപ്പെട്ടതെന്നും സി.ഐ വിനീഷ് കുമാര്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് പറഞ്ഞു. വഴിയോരകച്ചവടക്കാരില്‍ നിരവധി പേരോട് ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും രണ്ട് വണ്ടിയിലുള്ള കച്ചവടക്കാര്‍ക്കാണ് പ്രശ്നമുണ്ടായതെന്നും പറയുന്നു. സംഭവത്തില്‍ പൊലീസ് അടിച്ചില്ലെന്നും അഗ്രസീവ് ആയിരുന്നെന്നുള്ളത് ശരിയായിരുന്നെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു. താന്‍ അടിച്ചു എന്ന പരാതി ആര്‍ക്കും ഇല്ലെന്നും പക്ഷേ ശരിക്കും അടിക്കുമായിരുന്നുവെന്നും കൊറോണ ആയത് കൊണ്ടാണ് അടിക്കാഞ്ഞതെന്നും സി.ഐ വിനീഷ് പറഞ്ഞു. ഇത്തരം ഘട്ടത്തില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ടെന്നും വിനീഷ് കൂട്ടിചേര്‍ത്തു.
വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് പൊലീസ് ആക്ട് അമന്‍ഡ്മെന്‍റ് പ്രകാരമൊക്കെയുള്ള നിയമനടപടികളുടെ സാധ്യത പരിശോധിക്കുമെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു.
സി.ഐ വിനീഷ് കുമാറിന്‍റെ വിശദീകരണം:
ചെറുപ്പുഴ ചിറ്റാരിക്കല്‍ പാലത്തിന് തൊട്ടു മുമ്പുള്ള ജംഗ്ഷനില്‍ ഇന്നലെയാണ് സംഭവം നടന്നത്, അവര്‍ക്ക് നേരത്തെ രണ്ട് മൂന്ന് തവണ മുന്നറിയിപ്പ് കൊടുത്തതാണ്. ടാക്സ് ഒന്നും കൊടുക്കാതെയുള്ള വഴിയോര വില്‍പ്പന കാരണം വ്യാപാരികളുടെ പരാതിയുണ്ടായിരുന്നു. ഇവര്‍ പഞ്ചായത്തില്‍ പരാതി നല്‍കി, എന്നിട്ടും നടപടിയുണ്ടായില്ല. വ്യാപാരികള്‍ സംഘടിച്ച് ഓടിക്കും ഞങ്ങള്‍ക്കും ജീവിക്കണമെന്ന് പറഞ്ഞു വ്യാപാരികളുടെ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു. ഇന്നലെ വേറെ വണ്ടി അവിടെ കൊണ്ടുവെക്കാന്‍ നോക്കിയപ്പോള്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ഇവര്‍ കൈകാര്യം ചെയ്തയച്ചു. അങ്ങനെയാണ് പൊലീസ് ഇടപ്പെടുന്നത്. പൊലീസ് ന്യായമായിട്ട് ഇവരോട് വണ്ടി എടുത്തുമാറ്റാന്‍ പറഞ്ഞു. അപ്പോള്‍ തൊണ്ണൂറ് ശതമാനം വണ്ടികളും എടുത്തുമാറ്റി, (15ഓളം വണ്ടികള്‍ എടുത്തുമാറ്റി) രണ്ട് വണ്ടിക്കാര് ഇങ്ങോട്ട് കൊറേ തോന്ന്യാസം പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത വേര്‍ഷനാണ്. വീഡിയോ ഓടിച്ചു നോക്കിയാല്‍ അത് മനസ്സിലാകും. ഇതുമായി ബന്ധപ്പെട്ട എക്സ്പേര്‍ട്ടെല്ലാം ഇത് എഡിറ്റഡാണെന്ന് പറഞ്ഞിട്ടുണ്ട്. അവര് പറഞ്ഞിട്ടുള്ള വര്‍ത്താനം മുഴുവനും വളരെ ഡെയിഞ്ചറസായിട്ടുള്ള വര്‍ത്താനമാണ്. ഇവര് രണ്ട് പേരെയും സ്റ്റേഷനിലേക്ക് പിന്നീട് വിളിച്ചു വരുത്തി, രണ്ട് വണ്ടിക്കും കൂടി ഒഫന്‍സായി 3000 രൂപ പിഴ കൊടുത്ത് വിട്ടയക്കുകയും ചെയ്തു. ആ ദേഷ്യത്തിനായിരിക്കും ഇങ്ങനെയൊരു പരിപാടി ഒപ്പിച്ചിട്ടുണ്ടാകുക.
അവരെ അടിച്ചിട്ടൊന്നുമില്ല, പൊലീസ് അഗ്രസീവ് ആയിരുന്നു. നമുക്ക് നിയമം നടപ്പിലാക്കണ്ടേ. പൊലീസ് അടിച്ചൂന്ന് ആ വീഡിയോ കണ്ടാ ആര്‍ക്കും പറയാന്‍ പറ്റില്ല, നിയമം നടപ്പിലാക്കേണ്ടേ, കാരണം പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിട്ടും പോയില്ല. വ്യാപാരികള്‍ സംഘടിച്ച് ഞങ്ങള് പോയി അടിച്ചോടിക്കുമെന്ന് പരസ്യമായി പറയുന്നു, അപ്പോള്‍ അങ്ങനെയൊരു അവസ്ഥയില് പൊലീസിന് എന്ത് ചെയ്യാന്‍ പറ്റും . ബാക്കി എല്ലാ വണ്ടിയും പോയി, രണ്ട് വണ്ടിക്കാര്‍ക്കാണ് പ്രശ്നമുള്ളത്. പതിമൂന്ന് വണ്ടിയും പോയി. രണ്ട് വണ്ടിയാണ് വിഷയം. അവരാണ് വര്‍ത്താനം പറയുന്നതും പ്രൊവോക്ക് ചെയ്യുന്നതും.
ഞാന്‍ അടിച്ചു എന്ന പരാതി ആര്‍ക്കും ഇല്ലല്ലോ. ഈ വീഡിയോ വൈറലാവുന്നത് ഞാന്‍ സമ്മതിക്കുന്നു. അത് സോഷ്യല്‍ മീഡിയയില് ഫിംഗര്‍ടിപ്പില്‍ ആര്‍ക്കും വൈറലാക്കാന്‍ പറ്റും, ഇഷ്ടം പോലെ വൈറലാക്കാം. ഞാന്‍ അടിച്ചുവെന്ന് പറഞ്ഞ് ഒരാള്‍ അഡ്മിറ്റാകാ, അല്ലെങ്കില്‍ കംപ്ലെയിന്‍റ് തരട്ടെ. ഒരാളും പറയൂല, കാരണം അങ്ങനെയൊരു സംഭവമില്ല. ആ വീഡിയോയില്‍ ഞാന്‍ അടിക്കുന്നത് അല്ലെങ്കില്‍ ആരെങ്കിലും അടിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ പറ്റോ. ഗസ് ചെയ്യാനേ പറ്റുള്ളു. അടിച്ചൂന്ന് ഒരാളും പറയൂല. വര്‍ത്താനമുണ്ടായീന്നുള്ളത് ശരിയാണ്. ഞാന്‍ അടിക്കുവായിരുന്നു. ഞാന്‍ ഇങ്ങളോട് പേഴ്സണലി പറയാണ്. അടിക്കുവായിരുന്നു. കൊറോണ ആയത് കൊണ്ടാണ് ഞാന്‍ അടിക്കാഞ്ഞത്. നമ്മളെ നിയമത്തില്‍ തന്നെ പറയുന്നുണ്ടല്ലോ, ലീഗലായി പൊലീസിന് വേണ്ടുന്ന ഫോഴ്സ് ഉപയോഗിക്കാം. അതില് നമുക്ക് ട്രെയിനിംഗ് കിട്ടുന്നത് അതിന് വേണ്ടിയല്ലേ. ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലീഗലി നമുക്ക് ഉപയോഗിക്കാലോ.
സംഭവം നടന്നതിന് ശേഷം ഡിപ്പാര്‍ട്ട്മെന്‍റിനകത്ത് സാധാരണ പോലെ ചോദിച്ചു. നിങ്ങള്‍ക്ക് നല്‍കിയ മറുപടി പോലെ തന്നെ മറുപടിയും കൊടുത്തു.
വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ കൂടുതല്‍ നിയമനടപടികളാണ് ഹയര്‍ ഓഫീസര്‍മാരോട് അടക്കം ആലോചിക്കുന്നത്. ഇപ്പോള്‍ പൊലീസ് ആക്ട് അമന്‍ഡ്മെന്‍റ് വന്നിട്ടുണ്ടല്ലോ. അതിന്‍റെ സോഴ്സ് എന്താണ് എന്നൊക്കെ അന്വേഷിച്ച് ഹയര്‍ ഓഫീസര്‍മാരോട് ചോദിച്ച് വേണ്ട നടപടികള്‍ ചെയ്യും.
Adjust Story Font
16