നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പരാതിയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ പത്തനാപുരത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. ജില്ലയിലെത്തിച്ച പ്രദീപ് കുമാറിനെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി. തുടർന്ന് ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം കാഞ്ഞങ്ങാട് ഡി.വൈ. എസ്.പിയുടെ ഓഫീസിലെത്തിച്ച് വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
പ്രദീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ വാദം കേട്ട ശേഷം കോടതി പ്രദീപിനെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സാക്ഷിയുടെ മൊഴി മാറ്റാൻ നിർബന്ധിച്ചത് ആർക്കു വേണ്ടിയാണ് എന്നത് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നാന്ന് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ പത്തനാപുരമടക്കം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
Adjust Story Font
16