Quantcast

കെ.എസ്.എഫ്.ഇ റെയ്ഡ്; രമൺ ശ്രീവാസ്തവക്കെതിരെ സി.പി.എമ്മിൽ അമർഷം

റെയ്ഡിന് പിന്നിൽ ശ്രീവാസ്തവയാണെന്നാണ് സി.പി.എം നേതാക്കൾക്കിടയിലെ സംശയം

MediaOne Logo

  • Published:

    30 Nov 2020 9:23 AM GMT

കെ.എസ്.എഫ്.ഇ റെയ്ഡ്; രമൺ ശ്രീവാസ്തവക്കെതിരെ സി.പി.എമ്മിൽ അമർഷം
X

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്കെതിരെ സി.പി.എമ്മിൽ അമർഷം. റെയ്ഡിന് പിന്നിൽ ശ്രീവാസ്തവയാണെന്നാണ് സി.പി.എം നേതാക്കൾക്കിടയിലെ സംശയം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ സുരക്ഷ ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവ തുടരുന്നതിൽ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

കെ.എസ്.എഫ്.ഇ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വഴി തുറക്കലായിട്ടാണ് സി.പി.എം നേതാക്കള്‍ കാണുന്നത്.സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ വേണ്ടിയാണ് കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്തിയതെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചിരുന്നു.

കെ.എസ്.എഫ്.ഇയിലെ റെയ്ഡിനു പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിലേക്കും. റെയ്ഡ് വിവരം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. രമൺ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന സംശയമാണ് നേതാക്കള്‍ക്കിടയിലുള്ളത്. മുഖ്യമന്ത്രിയുടെ ഉപദേശകനാകും മുന്നേ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സുരക്ഷാ ഉപദേശക സമിതി അംഗമായിരുന്നു ശ്രീവാസ്തവ . ഇപ്പോഴും അതു തുടരുന്നെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നേരത്തേ തന്നെ പൊലീസ് ഉപദേശകന്‍റെ പല നടപടികളിലും സി.പി.എമ്മിൽ ശക്തമായ എതിരഭിപ്രായമുണ്ട്.

റെയ്ഡില്‍ വിമർശനവുമായി സി.പി.ഐ മുഖപത്രം രംഗത്ത് വന്നു. ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതായി റെയ്ഡെ്ന്നും ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജനയുഗത്തിലത്തിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

TAGS :

Next Story