വോട്ടഭ്യർത്ഥനയിൽ വർഗീയത: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പരാതി
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് സഹല്‍ വടുതലയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയ വിദ്വേഷവും മതസ്പര്‍ദ്ധയും വളർത്തുന്ന രീതിയിൽ വോട്ടഭ്യർത്ഥിച്ചുവെന്നാരോപിച്ച് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പരാതി. ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വചസ്പതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് സഹല്‍ വടുതലയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്.
ആലപ്പുഴയിലെ ഒരു കയർ കമ്പനിയിലെ തൊഴിലാളകളോട് വോട്ടഭ്യർത്ഥിക്കവേ മതസ്പര്‍ദ്ധ വളർത്തുന്ന രീതിയിൽ സംസാരിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
“നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ചിന്തിക്കണം. ഇപ്പൊ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരല്ല, ആണോ? ആണോ? അല്ല ക്രിസ്ത്യാനിയേയും ആര്‍ക്കും ആരേയും പ്രേമിച്ചു കല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം വേണ്ടെ. ഇവിടെ ചെയ്തത് എന്താ. നമ്മുടെ കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ്‍ കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്.
അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?. പറഞ്ഞാല്‍ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വമെന്നുപറഞ്ഞാല്‍ അത് നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ട് എന്തും ആവാം അങ്ങോട്ട് തിരുച്ചു ചോദിച്ചാല്‍ മതേതരത്വം തകരും. ഇതൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് ഒരു തീരുമാനമെടുക്കണം.കാര്യം ഇതൊരു അവസരമാണ്. ഇപ്പോള്‍ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ഞാൻ ബിജെപിക്ക്, എനിക്കൊരു വോട്ട് തരണമെന്ന് പറയുന്നത്.” - വോട്ട് അഭ്യർത്ഥിക്കുന്നതിന്റേതായി സന്ദീപ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോവിൽ അദ്ദേഹം പറയുന്നു.
സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി സന്ദീപ് വചസ്പതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം,ഐ.ടി ആക്ട് എന്നിവയനുസരിച്ച് നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16