Quantcast

'കേരളീയർ സാക്ഷരർ, അവർ ചിന്തിക്കുന്നു'; ബിജെപി വളരാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഒ രാജഗോപാൽ

"ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായ വളർച്ച കൈവരിക്കുന്നുണ്ട്"

MediaOne Logo

Web Desk

  • Published:

    23 March 2021 7:59 AM GMT

കേരളീയർ സാക്ഷരർ, അവർ ചിന്തിക്കുന്നു; ബിജെപി വളരാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഒ രാജഗോപാൽ
X

കേരളത്തിൽ ബിജെപി വളരാത്തത് എന്തെന്ന ചോദ്യത്തിന് സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി ഒ രാജഗോപാൽ എംഎൽഎ. കേരളത്തിൽ പാർട്ടി പതിയെ വളർന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

'കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. കേരളത്തിൽ 90 ശതമാനമാണ് സാക്ഷരത. അവർ ചിന്തിക്കുന്നു. അവർ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാൻ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായി വളർച്ച കൈവരിക്കുന്നുണ്ട്' - രാജഗോപാൽ പറഞ്ഞു.

ത്രിപുരയിലും ഹരിയാനയിലും കളംപിടിച്ച ബിജെപി കേരളത്തിൽ രാഷ്ട്രീയ ഇടം കണ്ടെത്താത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി.

നേമത്തെ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യകാരണങ്ങളാണ് മാറിനിൽക്കുന്നത്, ഇപ്പോൾ 93 വയസ്സായി, കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ മുരളീധരൻ വന്നതോടെ മണ്ഡലം ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കും. എന്നാൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസിന്റെ പ്രതിച്ഛായ ദുർബലമായിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണിക്കാണ് മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാൽ ലക്ഷ്യം നിറവേറ്റും. അദ്ദേഹത്തിന്റെ മേന്മകൾ നിഷേധിക്കാനാവില്ല. സത്യം അംഗീകരിച്ചേ മതിയാകൂ. മനഃപൂർവ്വം കള്ളം പറയരുത്... മുഖ്യമന്ത്രിയെ പ്രശംസിച്ചില്ലേ എന്ന ചോദ്യത്തിന് ഒ രാജഗോപാൽ മറുപടി നൽകി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story