വര്‍ഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രക്ഷയില്ല: പിണറായി വിജയന്‍
കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനം, കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നുകില്‍ വര്‍ഗീയ പ്രീണന നയങ്ങളുമായി സന്ധിചെയ്ത് കോണ്‍ഗ്രസില്‍ തുടരുക അല്ലെങ്കില്‍ ബി.ജെ.പിക്ക് സ്വയം വില്‍ക്കുക എന്നതാണ് സമീപകാലത്ത് കോണ്‍ഗ്രസിലെ പൊതു രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ ചേരിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളെത്തുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക എന്ന ലക്ഷ്യമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കിഫ്ബിയുടെ മസാലബോണ്ടിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബോണ്ടിന്‍റെ ആർ.ബി.ഐ അനുമതി സംബന്ധിച്ചും വാദപ്രതിവാദങ്ങളുണ്ടായിരുന്നു.
Adjust Story Font
16