'മുഖ്യമന്ത്രിയായി പിണറായി തന്നെ; മതന്യൂനപക്ഷങ്ങൾക്ക് പ്രിയം ഉമ്മൻചാണ്ടി'
ഹിന്ദു മതവിഭാഗങ്ങൾക്കിടയിലാണ് പിണറായിക്ക് ജനപ്രീതി കൂടുതൽ
മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരണമെന്ന് മീഡിയവൺ - പൊളിറ്റിഖ് മാർക്ക് സർവേ. എന്നാൽ മതന്യൂനപക്ഷങ്ങളിൽ സിംഹഭാഗവും അഭിപ്രായപ്പെട്ടത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകണം എന്നാണ്. പിണറായി മുഖ്യമന്ത്രിയായി തുടരണമെന്ന് 40 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 25 ശതമാനം പേരുടെ പിന്തുണ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചു. ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
ഹിന്ദു മതവിഭാഗങ്ങൾക്കിടയിലാണ് പിണറായിക്ക് ജനപ്രീതി കൂടുതൽ. ഹിന്ദുക്കളിൽ 46 ശതമാനം പേർ പിണറായിയാകണം അടുത്ത മുഖ്യമന്ത്രി എന്ന് അഭിപ്രായം രേഖപ്പെടുത്തി. 15 ശതമാനം പേർ ഉമ്മൻചാണ്ടിയെയും പത്തു ശതമാനം പേർ രമേശ് ചെന്നിത്തലയെയും പിന്തുണച്ചു. ഏഴു ശതമാനം പേർ ഇ ശ്രീധരനെയും രണ്ടു ശതമാനം പേർ കെ സുരേന്ദ്രനെയും അനുകൂലിച്ചു.
മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണച്ചത് ഉമ്മൻചാണ്ടിയെയാണ്. 36 ശതമാനം മുസ്ലിംകളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മൻചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. പിണറായിക്ക് 32 ശമതാനം വീതം പിന്തുണയാണ് ഇരുസമുദായങ്ങളിൽ നിന്നും ലഭിച്ചത്.
മുസ്ലിംകളിൽ പതിനൊന്ന് ശതമാനം പേർ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കെ സുരേന്ദ്രന് ഒരു ശതമാനം പിന്തുണ പോലും ലഭിച്ചില്ല. ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണം എന്ന് ഒരു ശതമാനം പേർ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ പതിനൊന്ന് ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ഇ ശ്രീധരന് നാലു ശതമാനം പേരുടെയും സുരേന്ദ്രന് ഒരു ശതമാനം പേരുടെയും പിന്തുണ കിട്ടി.
Adjust Story Font
16