Quantcast

കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തിക്കെട്ടൽ ആണ്: മുഖ്യമന്ത്രി

യുഡിഎഫ് തുറന്നു കൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്. കിഫ്‌ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി യുഡിഎഫ് ഏറ്റെടുത്തെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    27 March 2021 4:46 AM GMT

കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തിക്കെട്ടൽ ആണ്: മുഖ്യമന്ത്രി
X

കിഫ്‌ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി യുഡിഎഫ് ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി. കേരളത്തിന്‍റെ അതിജീവന ശ്രമങ്ങളെ തകർക്കാൻ, കേന്ദ്രത്തിന് അവസരം തുറന്നു കൊടുക്കാൻ യുഡിഎഫിന് ആയി. യുഡിഎഫ് തുറന്നു കൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്. ദുരാരോപണങ്ങൾ നിരന്തരം ഉയർത്തി സർക്കാരിന്‍റെ പ്രവർത്തനം തടയാനാണ് ശ്രമം.

കിഫ്‌ബിയിലൂടെ നടത്തിയ വികസനങ്ങൾ സ്വന്തം നേട്ടമായി അവർ അവതരിപ്പിക്കുന്നു. പണം ഇല്ലാത്തത് കൊണ്ട് വികസനം മുടങ്ങരുത് എന്ന നിലപാടായിരുന്നു സർക്കാരിന്. കേരളത്തിൽ വികസനത്തിന്‍റെ കുതിപ്പിന് കിഫ്‌ബി ഇന്ധനം ആയി മാറി. സാധാരണ ഒരു കടലാസ് അടച്ചാൽ ലഭ്യമാകുന്ന രേഖകൾ ആണ് കിഫ്‌ബിക്കുള്ളത്. അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരെ ശത്രുക്കൾ എന്ന പോലെ കണ്ടുകൊണ്ടുള്ള നടപടികൾ എന്തിനാണ്. കോൺഗ്രസിനും യുഡിഎഫിനും ആര്‍എസ്എസിനും കിഫ്‌ബിക്കെതിരെ ഒരേ വികാരമാണ്. ജനങ്ങൾക്ക് പ്രയോജനമാകുന്ന ഒന്നും ഉണ്ടാകരുത് എന്നാണ് അവരുടെ ആഗ്രഹം. കേരളത്തെ നശിപ്പിച്ചേ അടങ്ങു എന്ന സംഘപരിവാറിന്‍റെ ആഗ്രഹത്തിന് യുഡിഎഫ് വാദ്യം പാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ന് മുൻപ് അഴിമതി നടമാടുന്ന സംസ്ഥാനം എന്ന ദുഷ്‌പേര് ഉണ്ടായിരുന്നു. ഇന്ന് രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ആയി കേരളം. പാലാരിവട്ടം പാലത്തിന്‍റെ ദുർഗതി രോഷത്തോടെ ആണ് ജനങ്ങൾ കണ്ടത്. അഴിമതിയുടെ കാലം അവസാനിച്ചു. എല്ലാ തലങ്ങളിലും അഴിമതി ഇല്ലാതായി എന്ന് പറയാറായിട്ടില്ല. അതിനായി എല്ലാ നടപടികളും സ്വീകരിക്കും. വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമം ആക്കും. പൊതുപ്രവർത്തകരുടെ സ്വത്തുക്കളെകുറിച്ച് വിശ്വാസയോഗ്യമായ വിവരം നൽകും. എല്ലായിടത്തും എ ടെൻഡർ. സോഷ്യൽ ഓഡിറ്റ് നടത്തും.ഇതിലൂടെ അഴിമതി പൂർണമായും നിർമാർജനം ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ ഭക്ഷ്യകിറ്റ് എല്ലാവരും സ്വാഗതം ചെയ്ത നടപടി ആണ്. കിറ്റിന്‍റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് സംഘപരിവാർ പ്രചരിപ്പിച്ചു. ജനങ്ങൾക്ക് കൊടുക്കുന്ന അരി മുടക്കാൻ ആണ് പ്രതിപക്ഷനേതാവ് ഇറങ്ങി പുറപ്പെട്ടത്. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ വിതരണം, വിഷു കിറ്റ്, ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ വിതരണം എന്നിവ ഏപ്രിൽ ആറു വരെ നിർത്തിവെക്കണം എന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. സർക്കാർ ഇതൊക്കെ ചെയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല.വിഷു മാത്രമല്ല ഈസ്റ്റർ കൂടി വരുന്നുണ്ട്. അത് മുന്നിൽ കണ്ടാണ് കിറ്റ് നേരത്തെ കൊടുക്കുന്നത്. കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തി കെട്ടൽ ആണ്. കിറ്റും പെൻഷനും അരിയും മുടക്കി ആ വിശ്വാസം മുടക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story