സ്വന്തമായൊരു ജോലി നേടി; ജീവിതത്തില്‍ പരസ്പരം താങ്ങായി ജസീലയും സഹദും
പോളിയോ ബാധിച്ചതിനെ തുടർന്ന് അരക്ക് താഴെ തളർന്ന ജസീല സ്വന്തമായൊരു ജോലി എന്ന സ്വപ്നം നേടിയതിന് തൊട്ട് പുറകെയാണ് മഞ്ചേരി സ്വദേശി സഹദിന്‍റെ വധുവായത്
ജീവിതത്തിലെ പ്രതിസന്ധികളെ തോൽപ്പിച്ച് രണ്ട് പേര്‍ ഒരുമിച്ചിരിക്കുകയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ജസീലയും, മഞ്ചേരി സ്വദേശി സഹദുമാണ് ആ ദമ്പതികൾ. കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി കെയര്‍ ക്യാമ്പസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പുതിയ സ്വപ്‌നങ്ങളും, പ്രതീക്ഷകളുമായി ജസീലയും സഹദും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രണ്ട് പേരും ഒരുപോലെ പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ. മണവാട്ടിയായി നിൽക്കുമ്പോൾ തന്‍റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളെ വാശിയോടെ എത്തിപ്പിടിക്കാൻ സാധിച്ച സന്തോഷത്തിലാണ് ജസീല.
പോളിയോ ബാധിച്ചതിനെ തുടർന്ന് അരക്ക് താഴെ തളർന്ന ജസീല സ്വന്തമായൊരു ജോലി എന്ന സ്വപ്നം നേടിയതിന് തൊട്ട് പുറകെയാണ് മഞ്ചേരി സ്വദേശി സഹദിന്‍റെ വധുവായത്. ഒന്നര വയസ്സിലാണു ജസീലയ്ക്കു പോളിയോ ബാധിച്ചത്. അതിനു മുൻപേ ഉപ്പയും അഞ്ചാം വയസ്സിൽ ഉമ്മയും മരിച്ചു. ഇപ്പോൾ കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി പ്രൊഡക്ഷൻ സെന്ററിൽ ഫാഷൻ ഡിസൈനർ എന്ന പദവിയിൽ. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ഇപ്പോൾ കമ്പ്യൂട്ടർ പഠനത്തിലാണ്.
അരക്ക് താഴെ സ്വാധീനമില്ലാത്ത സഹദിനും ചക്രക്കസേരയുടെ സഹായം വേണം. പുളിക്കലിലെ എബിലിറ്റി ക്യാംപസ് നന്മ കെയർ ഫൗണ്ടേഷനാണ് ഇരുവരുടെയും വിവാഹമെന്ന സ്വപ്നത്തിനു താങ്ങായത്. പോരാളികളായ നവദമ്പതികക്ക് വീട് നിർമിച്ചു നൽകാനാണ് എബിലിറ്റി ക്യാമ്പസ് അധികൃതരുടെ ആലോചന.
Adjust Story Font
16