ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്
തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാർമികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
ഇതുവരെ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലാരും ഉന്നയിക്കാത്ത ആവശ്യമാണ് ജോസ് കെ. മാണിയുടേത്. ഇതിന്റെ ചുവടുപിടിച്ച് ലവ് ജിഹാദ് വിഷയം ചർച്ച ചെയ്യാൻ ഇടതു മുന്നണി തയാറാകണമെന്ന ആവശ്യവുമായി കാത്തലിക് ഫോറം അടക്കം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ ലവ് ജിഹാദ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്.
Adjust Story Font
16