Quantcast

കേരളത്തിന്‍റെ അവസ്ഥയില്‍ മാറ്റം വേണം; അതിനുവേണ്ടി വോട്ടഭ്യര്‍ഥിക്കാനാണ് കേരളത്തിലെത്തിയതെന്ന് പ്രധാനമന്ത്രി

കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    30 March 2021 6:24 AM GMT

കേരളത്തിന്‍റെ അവസ്ഥയില്‍ മാറ്റം വേണം; അതിനുവേണ്ടി വോട്ടഭ്യര്‍ഥിക്കാനാണ് കേരളത്തിലെത്തിയതെന്ന് പ്രധാനമന്ത്രി
X

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് നടന്ന പരിപാടിയിലാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക്മാറ്റം വരണമെന്നും അതിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് കേരളത്തിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യധാരണയുണ്ട്. ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളാണ്. ഒന്നാം യു.പി.എ സർക്കാറിലും ഇവർ ഒപ്പമായിരുന്നുവെന്ന് മോദി പറഞ്ഞു.

കേരളത്തെ എൽ.ഡി.എഫ് ഏതാനും സ്വർണനാണയങ്ങൾക്കായി ഒറ്റുകൊടുത്തു. യു.ഡി.എഫ് സൂര്യരശ്മിയെപ്പോലും വെറുതെ വിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എൽ.ഡി.എഫും യു.ഡി.എഫും പയറ്റുന്നത്. കേരളത്തിലെ യുവത ബി.ജെ.പിയെ അംഗീകരിക്കുന്നു. സമസ്ത മേഖലയിലുള്ള ജനങ്ങളും അംഗീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ മാന്‍ ബിജെപിയിലെത്തിയത് നിങ്ങള്‍ കണ്ടില്ലേ. ആധുനിക ഇന്ത്യയെ കെട്ടിപ്പടിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. കേരളത്തിന്റെ പുത്രനാണദ്ദേഹം. അധികാരം വേണമെങ്കില്‍ 20 വർഷം മുമ്പ് തന്നെ ഇ ശ്രീധരന് അതിന് അവസരമുണ്ടായിരുന്നു പക്ഷേ അദ്ദേഹം കേരളത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു എല്ലാവരുടേയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മത്സ്യബന്ധന മേഖല, രാസവള മേഖല, കാര്‍ഷിക മേഖല, ആയുര്‍വേദം, നൈപുണ്യ വികസനം, സാമൂഹ്യ നീതി, വിനോദ സഞ്ചാര മേഖല, സാങ്കേതിക വിദ്യ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് വേഗതയാര്‍ന്ന വികസന പദ്ധതികള്‍ കേരളത്തിനുവേണ്ടി ഏകോപിപ്പിക്കുമെന്നും മോദി പറഞ്ഞു.

പാലക്കാട് കൃഷിക്ക് പേരുകേട്ട നാടാണ്. കാർഷിക മേഖലയ്ക്കും കർഷകർക്കും എല്‍.ഡി.എ സര്‍ക്കാര്‍ വളരെ പ്രധാന്യം നല്‍കുന്നു. മിനിമം താങ്ങുവില വർധിപ്പിച്ചത് എന്‍.ഡി.എ സർക്കാരാണ്. ഭക്ഷ്യ സംസ്കരണ മേഖലയ്ക്കും ഊന്നല്‍ നല്‍കി. കിസാന്‍ റെയില്‍ കാർഷിക ഉത്പന്നങ്ങളുടെ നീക്കത്തിന് ശക്തി പകർന്നു. കർഷകരുടെ ക്ഷേമം ഈ സർക്കാർ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി 2019ല്‍ തന്നെ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ കാർഡ് നല്‍കും. ആയുർവേദത്തെ ആഗോള ബ്രാന്‍ഡായി മാറ്റും തുടങ്ങിയ വാഗ്ധാനങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. രാജ്യത്തെ ഐ.ഐ.ടികളുടെയും ഐ.ടി.ഐകളുടെയും എണ്ണം കൂടി. മെഡിക്കല്‍, ടെക്നോളജി വിദ്യാഭ്യാസത്തിനുള്ള പശ്ചാത്തല സൗകര്യം കൂട്ടും. പ്രാദേശിക ഭാഷകളില്‍ കൂടി മെഡിക്കല്‍ , ടെക്നോളജി വിദ്യാഭ്യാസം നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിന്‍റെ സംസ്കാരത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. ആചാരങ്ങളെപ്പറ്റി സംസാരിച്ചതിനാണ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തത്. ഭക്തരെ പൊലീസ് ലാത്തിച്ചാർജിന് വിധേമാക്കിയതിന് എല്‍.ഡി.എഫ് മറുപടി പറയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയ നരേന്ദ്രമോദി റോഡ് മാർഗമാണ് പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന പ്രചാരണ പരിപാടിയിലെത്തിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story