Quantcast

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കും; കെ.പി.എം.എസ്

സാമ്പത്തിക സംവരണം, വിശ്വാസം, ഭൂവിഷയം എന്നിവയിൽ മൂന്നു മുന്നണികളും സ്വീകരിച്ചത് പിന്നോക്ക വിരുദ്ധ നിലപാടാണെന്ന് പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    31 March 2021 1:23 PM GMT

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കും; കെ.പി.എം.എസ്
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള പുലയ മഹാസഭ (കെ.പി.എം.എസ്) നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഭൂവിഷയത്തിൽ യുഡിഎഫും എൽഡിഎഫും മൗനം പാലിച്ചു. ബിജെപി മാത്രമാണ് രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാകുമെന്ന് പത്രികയിൽ പറഞ്ഞിട്ടുള്ളത്, എന്നാൽ ഇതിന്റെ പ്രായോഗികതയില്‍ സംശയമുണ്ടെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എൻ.എസ്.എസിന്റെ സമ്മർദ്ദത്തിന് സർക്കാർ കീഴടങ്ങുന്നു. ശബരിമലയിലെ കേസുകൾ പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. സാമ്പത്തിക സംവരണം, വിശ്വാസം, ഭൂവിഷയം എന്നിവയിൽ മൂന്നു മുന്നണികളും സ്വീകരിച്ചത് പിന്നോക്ക വിരുദ്ധ നിലപാടാണെന്നും പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി.

പട്ടികജാതി-വർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന മുന്നോക്ക സംവരണ കാര്യത്തിൽ മൂന്നു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കെ.പി.എം.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചിരുന്നു. പഠനത്തിന്റെയും സ്ഥിതി വിവര കണക്കുകളുടെയും അഭാവത്തിൽ നടപ്പാക്കിയ മുന്നോക്ക സംവരണം, സാമൂഹ്യ സമത്വത്തിനായുള്ള ഭരണഘടനയുടെ സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണ്. ജനസംഖ്യാനുപാതികമായി അധികാര നഷ്ടം സംഭവിച്ച വിഭാഗങ്ങൾക്ക് പരിരക്ഷ നൽകുകയാണ് വേണ്ടത്. അതിനാൽ, പ്രാതിനിധ്യ പഠനത്തിനും പരിഹാര നിർദ്ദേശങ്ങൾക്കുമായി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മുമ്പാകെ സംഘടന വെച്ചിരുന്നു. അത് നിരാകരിക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമവും, പുതിയ കാർഷിക നിയമങ്ങളും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരാണ് മുന്നോക്ക സംവരണം തിടുക്കത്തിലും മുൻകാല പ്രാബല്യത്തോടും കൂടി സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് കെ.പി.എം.എസ് പ്രസ്താവനയില്‍ ആരോപിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story