'മോദി ബൈബിള്‍ ഉദ്ധരിക്കുന്നു, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല': പ്രിയങ്ക ഗാന്ധി
രാജ്യത്ത് വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് കാപട്യമാണ്. തൻ്റെ പൊള്ളയായ പ്രസംഗങ്ങളിൽ ബൈബിള്‍ ഉദ്ധരിക്കുന്നതിന് പകരം അതിൻ്റെ സാരാംശം ഉൾക്കൊള്ളണം-പ്രിയങ്ക പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ മോദി ഉദ്ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. 'മോദി ഇന്നലെ ബൈബിൾ ഉദ്ധരിച്ചത് നന്നായി. അത് തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ്. എന്നാൽ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ല'- പ്രിയങ്ക ഗാന്ധി പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ മറുപടി.
'ഈ കന്യാസ്ത്രീകൾ എന്തിന് വേണ്ടി നിലനിൽക്കുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല. ഈ രാജ്യത്ത് വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് കാപട്യമാണ്. തൻ്റെ പൊള്ളയായ പ്രസംഗങ്ങളിൽ ബൈബിളിലെ വാക്കുകൾ ഉദ്ധരിക്കുന്നതിന് പകരം അതിൻ്റെ സാരാംശം ഉൾക്കൊള്ളണം'- പ്രിയങ്ക പറഞ്ഞു. 'സത്യസന്ധ്യമായ ചുണ്ടുകൾ എല്ലാ കാലത്തും നിലനിൽക്കും. നുണ പറയുന്ന നാവിന് ഒരു ദിവസത്തെ ആയുസേയുള്ളൂ'- ബൈബിളിലെ വാക്ക് ഉദ്ധരിച്ചും പ്രിയങ്ക മോദിക്ക് മറുപടി നല്‍കി.
പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. അഞ്ച് വര്‍ഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല. സ്വര്‍ണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
Adjust Story Font
16