കണ്ണൂര്‍ തൂത്തുവാരാന്‍ എല്‍.ഡി.എഫ്; സീറ്റ് വര്‍ധിപ്പിക്കാന്‍ യു.ഡി.എഫ്
സംസ്ഥാനത്ത് സി.പി.എമ്മിന് ഏറ്റവും വലിയ സംഘടനാ സംവിധാനമുളള ജില്ലയാണ് കണ്ണൂര്‍
എക്കാലവും ഇടതോരം ചേര്‍ന്ന് നടന്ന ചരിത്രമാണ് കണ്ണൂര്‍ ജില്ലയുടേത്. പതിനൊന്നില്‍ പതിനൊന്നും പിടിച്ച് കണ്ണൂരില്‍ ചരിത്രം സൃഷ്ടിക്കാനുളള തന്ത്രങ്ങളുമായാണ് എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ നിലവിലുളള മൂന്ന് സീറ്റുകള്‍ അഞ്ചായി വര്‍ദ്ധിപ്പിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് സി.പി.എമ്മിന് ഏറ്റവും വലിയ സംഘടനാ സംവിധാനമുളള ജില്ല. മുന്നണിയുടെ ക്യാപ്റ്റന്‍ അടക്കമുളളവര്‍ മത്സരരംഗത്ത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ നഷ്ടമായ മൂന്ന് സീറ്റുകളില്‍ കൂടി വിജയമുറപ്പിച്ച് ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യം നേടുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം.
യു.ഡി.എഫിനാവട്ടെ ഇത് നില നില്‍പ്പിനായുളള പോരാട്ടമാണ്. ഇരിക്കൂറും അഴീക്കോടും പേരാവൂരും നിലനിര്‍ത്തുന്നതിനൊപ്പം കണ്ണൂരും കൂത്തുപറമ്പും പിടിച്ചെടുക്കാനാകുമെന്നും യു.ഡി.എഫ് കണക്ക് കൂട്ടുന്നു.
ഇരിക്കൂറിനെ ചൊല്ലി കോണ്ഗ്രിസിലുണ്ടായ കലാപത്തിന്‍റെ കനല്‍ കെടാതെ കിടക്കുന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി. കെ.എം ഷാജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അഴീക്കോടും അണയാതെ കത്തുന്നുണ്ട്. പി.ജയരാജനും ഇ.പി ജയരാജനും സീറ്റ് നിഷേധിച്ചത് അണികളുടെ അതൃപ്തിക്ക് ഇടയാക്കുമോ എന്നതാണ് സി.പി.എമ്മിനെ അലട്ടുന്നത്.
ഒപ്പം സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന നിരന്തരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയാകുമോ എന്നതും എല്‍.ഡി.എഫ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Adjust Story Font
16