Quantcast

'തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മത ദുരുപയോഗം' പ്രധാനമന്ത്രിക്കെതിരെ പരാതി

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് എസ്.ഡി.പി.ഐ പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    2 April 2021 3:56 PM GMT

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മത ദുരുപയോഗം പ്രധാനമന്ത്രിക്കെതിരെ പരാതി
X

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നാരോപിച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോന്നി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കോന്നിയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'സ്വാമിയേ ശരണമയ്യപ്പാ...' എന്ന ശരണം വിളികളോടെയാണ് പ്രസംഗം ആരംഭിച്ചത്. കൂടാതെ സദസ്സിലുണ്ടായിരുന്നവരെക്കൊണ്ട് അദ്ദേഹം ശരണം വിളിപ്പിക്കുകയും ചെയ്തു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് എസ്.ഡി.പി.ഐ പരാതിയിൽ പറയുന്നു.

"2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരെ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വൈകാരിക വിഷയം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്." പരാതിയിൽ പറയുന്നു.

പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ് രജിസറ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story