കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു; പ്ലസ് ടു വിദ്യാര്‍ഥി പുതപ്പ് കുരുങ്ങി മരിച്ചു
വ്യാഴാഴ്ച രാത്രി 9 മണിയോടെ തലവടി കിളിരൂർ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം
ഏപ്രിൽ ഫൂൾ ദിനത്തിൽ കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാർഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്‍റെയും പ്രമീളയുടെയും മകൻ സിദ്ധാർഥ് (17) ആണ് മരിച്ചത്. പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് സിദ്ധാർഥ്.
വ്യാഴാഴ്ച രാത്രി 9 മണിയോടെ തലവടി കിളിരൂർ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈൽ ഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് മാറ്റി സിദ്ധാർഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് സിദ്ധാർഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയുടെ ജനാലയോട് ചേർന്ന് രംഗങ്ങൾ ചിത്രീകരിക്കുന്ന രീതിയിൽ മൊബൈൽ ഫോൺ ഓണാക്കിവെച്ചിരുന്നു. കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദഗ്‌ധ പരിശോധനയ്ക്കായി ഫോൺ സൈബർ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
Adjust Story Font
16