കഴക്കൂട്ടത്ത് വീണ്ടും സംഘര്‍ഷം; ഒരു സി.പി.എം പ്രവര്‍ത്തകന് പരിക്കേറ്റു
പ്രദേശത്ത് ഒരു മണിക്കൂറോളം വോട്ടിംഗ് പ്രക്രിയ തടസ്സപ്പെട്ടു.
കഴക്കൂട്ടത്ത് വീണ്ടും ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു സി.പി.എം പ്രവർത്തകന് പരിക്കേറ്റു. കാറിലെത്തിയ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചുവെന്നാണ് സി.പി.എം പ്രവർത്തകരുടെ ആരോപണം. ബി.ജെ.പി പ്രവർത്തകന്‍റെ വാഹനം തല്ലിതകർക്കുകയും ചെയ്തു.
കാട്ടായിക്കോണത്ത് രാവിലെ ബി.ജെ.പി - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഉച്ചയോടു കൂടിയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
ഇതിനു പിന്നാലെ വന്‍ തോതില്‍ പൊലീസ് സന്നാഹം കാട്ടായിക്കോണത്ത് അണിനിരക്കുകയും യാതൊരു പ്രകോപനവുമില്ലാതെ ജനപ്രതിനിധികളെയടക്കം മര്‍ദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കടക്കുകയും ചെയ്തു. വോട്ടിങ് പ്രക്രിയയെപോലും ബാധിക്കുന്ന തരത്തിലായിരുന്നു പൊലീസ് നടപടി.
വോട്ട് ചെയ്യാന്‍ പുറത്തിറങ്ങിയ ആളുകളെയടക്കം പൊലീസ് അടിച്ചോടിക്കുന്ന സ്ഥിതിഗതിയാണ് ഉണ്ടായതെന്ന് ആരോപണമുണ്ട്. അഞ്ചോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കേന്ദ്ര സേനയടക്കം വന്‍ പൊലീസ് സന്നാഹം കാട്ടായിക്കോണത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം സി.പി.എം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കൊണ്ടുപോകുന്ന സാഹചര്യമാണുണ്ടായത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊലീസ് നിരീക്ഷകന്‍ കാട്ടായിക്കോണത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും മന്ത്രി ആരോപിച്ചു.
രാജഭക്തി കാണിക്കുകയാണ് പൊലീസ് ചെയ്തതെന്നും സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശമായ കാട്ടായിക്കോണത്തെ വോട്ടെടുപ്പ് തടസ്സപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16