Quantcast

മന്ത്രിയെ തള്ളി പൊലീസ്; ഷിജു വർഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച ഷിജു വര്‍ഗീസിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    6 April 2021 2:03 PM GMT

മന്ത്രിയെ തള്ളി പൊലീസ്; ഷിജു വർഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല
X

ഇ.എം.സി.സി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തെന്ന മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാദം തള്ളി പൊലീസ്. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് കൊല്ലം കണ്ണനല്ലൂർ പോലീസ് പറഞ്ഞു.

ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും കണ്ണനല്ലൂർ പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.

രാവിലെ കുണ്ടറയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ഇ.എം.സി.സിയുടെ ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഷിബു വർഗ്ഗീസിനെതിരെ ഗുരുതര ആരോപണം മന്ത്രി മേഴ്സികുട്ടിയമ്മ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി ഷിജു സ്വന്തം വാഹനത്തിന് തീ ഇടാൻ ശ്രമിച്ചെന്നും ഇതേ തുടർന് കണ്ണനല്ലൂർ പോലീസ് ഷിജുവിനെ അറസ്റ്റ് ചെയ്തുവെന്നുമാണ് മന്ത്രി പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ വാദം കണ്ണനല്ലൂർ പോലീസ് തള്ളുകയായിരുന്നു. ഷിജു വർഗ്ഗീസ് സ്റ്റേഷനിൽ എത്തിയത് തനിയ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ പരാതി നൽകാനെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. ഇന്ന് രാവിലെ 5:30 ഓടെ കുപ്പിയിൽ പെട്രോൾ നിറച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും പിന്നിൽ ആരാണെന്ന് അറിയില്ലെന്നും ഷിജു വർഗീസ് പറഞ്ഞു.

മേഴ്സി കുട്ടിയമ്മ കള്ളം പറയുന്നുവെന്നും ഗുരുതരമായ ചട്ട ലംഘനമാണ് നടത്തിയതെന്നുമായിരുന്നു കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിന്റെ പ്രതികരണം.

ഷിജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘമെത്തി രാവിലെയോടെ തെളിവെടുപ്പും നടത്തി.

ആഴക്കടൽ മത്സ്യബന്ധന വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലത്തിൽ ആരോപണ വിധേയായ മന്ത്രി വീണ്ടും കള്ളം പറയുന്നുവെന്ന പ്രചാരണമാണ് ഈ സംഭവത്തിലൂടെ യു.ഡി.എഫ് ഉയർത്തുന്നത്.

TAGS :

Next Story