കണ്ണൂർ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു
നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി
ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വ്യാപക അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. സിപിഎം അനുഭാവികളുടെ നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.
ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ന് പകല്‍ കണ്ണൂര്‍ ശാന്തമായിരുന്നു. രാത്രിയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്‍സൂറിന്‍റെ മൃതദേഹം പെരിങ്ങത്തൂരിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ എത്തി. ഇതിനിടെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം ഓഫീസുകള്‍ തകര്‍ത്ത് ഫര്‍ണിച്ചര്‍ കത്തിക്കുകയായിരുന്നു. വലിയ ജനക്കൂട്ടമായതിനാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.
മൻസൂർ വധം അന്വേഷിക്കാൻ തലശ്ശേരി എസിപി വി സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ചൊക്ലി സിഐ കെ സി സുഭാഷ് ബാബുവും അന്വേഷണ സംഘത്തിലുണ്ട്. ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്ത്രീക്കും പരിക്കേറ്റു.
രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശവാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.
Adjust Story Font
16