Quantcast

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി: കെ.എം ഷാജി

"കൊല്ലുന്ന ഗുണ്ടകളേക്കാൾ തരം താണവരാണ് സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്ന സാംസ്‌കാരിക നായകന്മാർ"

MediaOne Logo

Web Desk

  • Published:

    7 April 2021 8:19 AM GMT

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി: കെ.എം ഷാജി
X

കണ്ണൂർ: മുംബൈയിലെ ഡി കമ്പനിയെ പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ നേതൃത്വത്തിൽ പി കമ്പനിയെന്ന് മുസ്‌ലിംലീഗ് നേതാവ് കെഎം ഷാജി. കൊല്ലാൻ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താൻ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാർട്ടിയിൽ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ് എന്നും ഷാജി പറഞ്ഞു. പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ പോലെ കേരളത്തിൽ പി കമ്പനിയാണ്. പിണറായി വിജയൻ കമ്പനി. വെട്ടാനും കൊല്ലാനും അണികളെ നിർത്തുകയും അധികാരത്തിൽ പാവപ്പെട്ടവന്റെ പണമെടുത്ത് അവരുടെ കേസുകൾ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധമാണ് രൂപപ്പെട്ടു വരേണ്ടത്' - ഷാജി പറഞ്ഞു.

'കൊല്ലാൻ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താൻ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാർട്ടിയിൽ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ചെന്നായ ആട്ടിൻ തോലുമിട്ട് അഞ്ചു വർഷം ഭരിക്കുകയായിരുന്നു. പ്രതിപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമാണ് ആ ആട്ടിൻ തോലഴിച്ച് വീണ്ടും ചെന്നായയുടെ രൂപത്തിലേക്ക് ഈ പാർട്ടി വന്നിരിക്കുന്നു എന്നതിന്റെ പ്രഥമമായ തെളിവാണ് മൻസൂറിന്റെ കൊലപാതകം' - ഷാജി കൂട്ടിച്ചേർത്തു.

'കൊലപാതകം ആസൂത്രിതമല്ല എന്നാണ് എംവി ജയരാജൻ പറയുന്നത്. ആ പ്രതികളെയും രക്ഷിക്കാൻ സിപിഎം തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം. ഇങ്ങനെ കുറേ ഗുണ്ടകളായ നേതാക്കന്മാരുണ്ടായാൽ എന്താണ് സംഭവിക്കുക എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ളാവുന്ന കുടുംബ പശ്ചാത്തലമുള്ള ആരെങ്കിലും കൊലക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ? അവർ സുഖമായി കഴിയുകയല്ലേ? അണികളുടെ വീട്ടിൽ നിത്യ ചെലവിനുള്ള പണം കൊടുത്താണ് ഗുണ്ടകളെ ഇറക്കുന്നത്. ജീവിക്കാൻ പ്രയാസമുള്ള ആൾക്കൂട്ടങ്ങളെ വിലക്കെടുത്ത്, അവരുടെ വികാരങ്ങളെ വിലക്കെടുത്ത് അതിന് വില പറയുന്ന വൃത്തികെട്ട നേതൃത്വമാണ് സിപിഎമ്മിന്റേത്- ഷാജി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി കൂത്തുപറമ്പിൽ അടക്കം സംസാരിച്ച കുറേ സാംസ്‌കാരിക നായകന്മാരുണ്ട്. അവരെപ്പോലെ വൃത്തികെട്ട ആളുകൾ കേരളത്തിൽ വേറെ ആരാണ് ഉള്ളത്. അവരുടെ പുസ്തകങ്ങൾ വായിക്കുന്നത് പോലും അപമാനകരമാണ് എന്ന് പറയേണ്ടി വരും. അത്തരത്തിലുള്ള കുറേ സാംസ്‌കാരിക നായകന്മാർ, എഴുത്തുകാർ, സിനിമാ നടന്മാർ... കൊല്ലുന്ന ഗുണ്ടകളേക്കാൾ തരം താണവരാണ് സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്ന സാംസ്‌കാരിക നായകന്മാർ എന്നു പറയാതിരിക്കാൻ വയ്യ- അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story