പി ജയരാജന്‍റെ മകന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ല: വിജയരാഘവന്‍
സിപിഎമ്മിന്റെ ആറ് പ്രവർത്തകരാണ് ആറ് മാസത്തിനിടെ കൊല്ലപ്പെട്ടതെന്ന് വിജയരാഘവന്‍
കണ്ണൂര്‍ പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പി ജയരാജന്‍റെ മകന്‍ ഫേസ് ബുക്കിലിട്ട പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജയരാജന്‍റെ മകന്‍ പാര്‍ട്ടി നേതാവല്ലല്ലോ. ജയരാജന്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും വിജയരാഘവന്‍ പറഞ്ഞു. 'ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി' എന്നായിരുന്നു പി ജയരാജന്റെ മകൻ ജെയിൻ ഫേസ് ബുക്കില്‍ കുറിച്ചത്.
സിപിഎം ഏതെങ്കിലും തരത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാന നീക്കങ്ങളോട് സഹകരിക്കാത്ത യുഡിഎഫ് നിലപാട് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. കണ്ണൂരിലെ കൊലപാതകത്തില്‍ നിയമ വാഴ്ചക്കനുസരിച്ച് നടപടി സ്വീകരിക്കണം. എല്ലാവരും സഹകരിക്കണം. സമാധാനം സ്ഥാപിക്കാനായി ജില്ലാ ഭരണകൂടമെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും സഹകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
പ്രാദേശിക സംഘർഷത്തിൽ പരിക്കേറ്റൊരാൾക്ക് ദാരുണ മരണം സംഭവിച്ചു. ലീഗ് ശക്തികേന്ദ്രത്തിലാണ് സംഭവം. പ്രാദേശിക സംഘർഷങ്ങൾക്ക് യുഡിഎഫ് ബോധപൂർവം നേതൃത്വം നൽകുകയാണ്. ആസൂത്രിതമായ ആക്രമ പരമ്പര അരങ്ങേറുന്നു. സിപിഎം ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാക്കിയിട്ടില്ല. സിപിഎമ്മിന്റെ ആറ് പ്രവർത്തകരാണ് ആറ് മാസത്തിനിടെ കൊല്ലപ്പെട്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പരമ പ്രധാനമാണ്. യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണ് ചെയ്യേണ്ടതെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16