'ഇനിയൊരു വടക്കൻ കാറ്റ് വീശാനുണ്ട്, ലീഗ് ഓഫീസുകൾ പാറിപ്പോകുന്നത് കാണാം' - പ്രകോപന പോസ്റ്റുമായി പോരാളി ഷാജി
ലീഗ് ഓഫീസുകൾ ആലിലകളായി പാറിപ്പോകുന്നത് കാണാം എന്നെഴുതിയ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
കണ്ണൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിനു ശേഷമുണ്ടായ അക്രമ സംഭവങ്ങൾക്കിടെ, അക്രമത്തിന് പ്രകോപനം ചെയ്തുകൊണ്ടുള്ള പോസ്റ്റുമായി സി.പി.എം അനുകൂല പേജായ 'പോരാളി ഷാജി'. ഇനിയൊരു വടക്കൻ കാറ്റ് വീശാനുണ്ടെന്നും ലീഗ് ഓഫീസുകളെല്ലാം ആലിലകളായി പാറിപ്പോകുന്നത് കാണാമെന്നും പോസ്റ്റിൽ പറയുന്നു.
അർധരാത്രി 12.52 ന് പോരാളി ഷാജി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ:
'ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാർട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകൾ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാർട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല. ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കൻ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തിൽ പൊതുവെ കണ്ട് വരുന്നത്.'
ലീഗ് ഓഫീസുകൾ ആലിലകളായി പാറിപ്പോകുന്നത് കാണാം എന്നെഴുതിയ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
4500-ലധികം പേരാണ് ഈ പോസ്റ്റിനോട് റിയാക്ട് ചെയ്തിരിക്കുന്നത്. ആയിരത്തോളം പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. കണ്ണൂരിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ആളിക്കത്തിക്കുംവിധമുള്ള 600-ലേറെ കമന്റുകളും പോസ്റ്റിനു കീഴിൽ വന്നിട്ടുണ്ട്. അക്രമത്തിന് അനുകൂലമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും വ്യക്തമാക്കിയിരുന്നു. സമാധാനം തകർക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കരുതെന്ന് കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് ആവശ്യപ്പെട്ടിരുന്നു.
സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്ക് എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ആണുള്ളത്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയാണ് പേജിന്റെ പ്രൊഫൈൽ പിക്ചറായി നൽകിയിരിക്കുന്നത്. സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cpimkerala.org ആണ് ഈ പേജിന്റെ വെബ്‌സൈറ്റായി നൽകിയിരിക്കുന്നത്. സി.പി.ഐ.എം കേരള, എം. സ്വരാജ് - യുവതയുടെ അഭിമാനം, സഖാക്കൾ, നവകേരളം 2021, എൽ.ഡി.എഫ് കേരളം, സി.പി.എം സൈബർ വാരിയേഴ്‌സ്, ദേശാഭിമാനി ഗ്രൂപ്പ്, ദേശാഭിമാനി വീക്കിലി റീഡേഴ്‌സ്, നമ്മൾ സഖാക്കൾ തുടങ്ങി 25-ഓളം ഗ്രൂപ്പുകൾ ഈ പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പോരാളി ഷാജിക്കെതിരെ എൽ.ഡി.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ചെങ്ങന്നൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ബോധപൂർവം അപവാദപ്രചരണം നടത്തുന്നുവെന്നും മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ. പി വിശ്വംഭര പണിക്കർ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു. പോരാളി ഷാജിക്കെതിരെ കോൺഗ്രസ് നേതാവ് വി.എം സുധീരനും പരാതി നൽകിയിരുന്നു.
Adjust Story Font
16