നവീനും ജാനകിക്കും ഐക്യദാർഢ്യം; നൃത്ത മത്സരവുമായി കുസാറ്റ് എസ്എഫ്‌ഐ
എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്എഫ്‌ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്
കൊച്ചി: വലതുപക്ഷ വിദ്വേഷ പ്രചാരണത്തിൽ തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യമറിയിച്ച് കുസാറ്റ് എസ്എഫ്‌ഐയുടെ നൃത്ത മത്സരം. ആയിരത്തി അഞ്ഞൂറു രൂപയാണ് ഒന്നാം സമ്മാനം. ഏപ്രിൽ 14 വരെ എൻട്രികൾ സ്വീകരിക്കും. ഒറ്റയ്ക്കും രണ്ടു പേരായും മത്സരത്തിൽ പങ്കെടുക്കാം.
എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്എഫ്‌ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. വംശീയതയ്ക്ക് എതിരെ റാസ്പുടിനൊത്ത് നൃത്തം വയ്ക്കുക എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന ഇവരുടെ വൈറൽ നൃത്തം. റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.
ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയറാണ്.
Adjust Story Font
16