ബാലുശേരിയില്‍ സംഘര്‍ഷത്തിന് അയവില്ല: കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ടു; വീടുകള്‍ക്ക് നേരെ കല്ലേറ്
ഇന്നലെ വൈകീട്ടാണ് ബാലുശേരി കരുമലയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായത്.
കോഴിക്കോട് ബാലുശേരിയില്‍ സംഘര്‍ഷത്തിന് അയവില്ല. ഉണ്ണികുളത്ത് പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം. ഉണ്ണിക്കുളം കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ടു. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കിഴക്കെവീട്ടിൽ ലത്തീഫിന്‍റെ വീട്ടുമുറ്റത്തെ ഇന്നോവ അടിച്ചു തകർത്തു.
ഇന്നലെ വൈകീട്ടാണ് ബാലുശേരി കരുമലയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കുകള്‍ നിസാരമായതിനാല്‍ താമരശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയക്കുക ആയിരുന്നു.
ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രദേശിക നേതൃത്വമാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ ഓഫീസ് അക്രമത്തിലേക്ക് എത്തിയിരിക്കുന്നത്. പ്രകടനത്തിന് നേരെയുണ്ടായ അക്രമസംഭവത്തില്‍ ഇരുവിഭാഗങ്ങളിലേയും 20 -തോളം പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു.എന്നാല്‍ അക്രമം സിപിഎമ്മിന്റെ അറിവോടെയല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അക്രമിക്കപ്പെട്ട ഓഫീസിന് ഇപ്പോള്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടകരയില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം പരിശോധന നടത്തി.
Adjust Story Font
16