Quantcast

ബസില്‍ വച്ച് ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ 100 മീറ്ററോളം ഓടിച്ചിട്ടു പിടിച്ച് 21കാരി

കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവമുണ്ടായത്

MediaOne Logo

Web Desk

  • Published:

    31 March 2022 8:23 AM GMT

ബസില്‍ വച്ച് ഉപദ്രവിച്ചയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ 100 മീറ്ററോളം ഓടിച്ചിട്ടു പിടിച്ച് 21കാരി
X
Listen to this Article

കണ്ണൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ചിട്ടു പിടിച്ച് പൊലീസിലേൽപ്പിച്ച് 21കാരി കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ മിടുമിടുക്കി. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവമുണ്ടായത്. ബസില്‍ നിന്ന് ഇറങ്ങിയോടിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പൊലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പൊലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. തനിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ ആരതി പങ്കുവച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു.

TAGS :

Next Story