വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 22 വർഷം കഠിനതടവ്
പണയം വെക്കാൻ വാങ്ങിയ കൈചെയിൻ തിരികെ നൽകാനെന്ന വ്യാജേനയാണ് സദഖ് യുവതിയുടെ വീട്ടിലെത്തിയത്
കുന്നംകുളം: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 22 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. കണ്ടാണശ്ശേരി ചൊവ്വല്ലൂർ സ്വദേശി വലിയകത്ത് വീട്ടിൽ സദഖ്(27)നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ ശിക്ഷിച്ചത്.
2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പണയം വെക്കാൻ വാങ്ങിയ കൈചെയിൻ തിരികെ നൽകാനെന്ന വ്യാജേനയാണ്, സദഖ് രാത്രി 12 മണിയോടെ യുവതിയുടെ വീട്ടിലെത്തിയത്. വാതിൽ തുറന്നില്ലെങ്കിൽ യുവതി വിളിച്ചിട്ടാണ് വന്നതെന്ന് നാട്ടുകാരോട് പറയുമെന്നും ഭീഷണിപ്പെടുത്തി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിഴ സംഖ്യ ഒരു ലക്ഷം രൂപ അതിജീവതയ്ക്ക് നൽകുന്നതിന് കോടതി ഉത്തരവിട്ടു.
കേസിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഈ ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് ഇൻസ്‌പെക്ടർ മനോജ് കുമാർ തുടർ അന്വേഷണം നടത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ രഞ്ജിക കെ ചന്ദ്രൻ, അനുഷ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടികെ ഷിജു എന്നിവരും പ്രവർത്തിച്ചിരുന്നു.
Adjust Story Font
16