Quantcast

മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി നാളെ

കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്

MediaOne Logo

Web Desk

  • Published:

    27 Dec 2024 5:45 PM

മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി നാളെ
X

കൊച്ചി: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ശനിയാഴ്​ച. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം പലപ്പോഴും പ്രതിസ്ഥാനത്ത് വന്നിട്ടുണ്ടെങ്കിലും ടി.പി വധത്തിനുശേഷം പാർട്ടി ശക്തമായ ജനരോഷം നേരിട്ട കേസായിരുന്നു പെരിയ ഇരട്ട കൊലപാതകം.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ്​ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിനെന്റെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

കേസിൽ ക്രൈംബ്രാഞ്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. പിന്നീട് ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും സംസ്ഥാന സർക്കാർ തിരിച്ചടി നേരിട്ടു. സിബിഐ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം തുടരുന്നതിനിടയിൽ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി പ്രതി ചേർത്തു.

സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാംപ്രതി. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി അടക്കമുള്ള നേതാക്കളും പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിനാണ് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ പ്രതിയായത്.

ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 2021 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 154 പേരുടെ സാക്ഷി വിസ്താരത്തിനൊടുവിലാണ് അന്തിമവാദം പൂർത്തിയാക്കിയത്.

കേസിൽ ഒന്നാംപ്രതിയായ പീതാംബരന് നേരെയുള്ള ആക്രമണത്തിന്റെ രാഷ്ട്രീയ വൈരാഗ്യവും കൃപേഷിന്റെയും ശരത് ലാലിന്റെയും സജീവ പാർട്ടി പ്രവർത്തനത്തോടുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊച്ചി സിബിഐ കോടതിയിലെ ജഡ്ജി ശേഷാദ്രിനാഥനാണ് കേസിൽ വിധി പറയുക.

TAGS :

Next Story