എല്‍.ഡി.എഫ് ഭരിക്കുന്ന കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് റിപ്പോർട്ട്
നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടങ്ങി
കോട്ടയം: എല്‍.ഡി.എഫ് ഭരിക്കുന്ന കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പ് ജോയിൻ്റ് റജിസ്ട്രാറുടെ റിപ്പോർട്ട് . 2012- 2017 വർഷ കാലയളവിൽ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടങ്ങി. എന്നാൽ ബാങ്കിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി.
മതിയായ ഈടു വാങ്ങാതെ വായ്പ നൽകി. മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തു. ഇവയാണ് സഹകരണ ജോയിൻ റജിസ്ട്രാറുടെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മുൻ സെക്രട്ടറി നിലവിലെ സെക്രട്ടറി ഭരണസമിതി അംഗം എന്നിവർ ബന്ധുക്കൾക്കും അടുപ്പക്കാർക്കും ക്രമരഹിതമായി കോടികളുടെ വായ്പ നൽകിയെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ഇത് സംബന്ധിച്ച് നടപടികൾ ഇല്ലാത്തതിനെ തുടർന്ന് നിരവധിപേർ പരാതികൾ നൽകിയിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് നടത്തി.
അതേസമയം, ക്രമക്കേട് നടന്ന കണ്ടെത്തൽ സാങ്കേതികം മാത്രമാണ്. വായ്പ കുടിശ്ശികയുള്ള വസ്തുക്കൾ തിട്ടപ്പെടുത്തി തുടർനടപടികൾ ബാങ്ക് സ്വീകരിച്ചു കഴിഞ്ഞെന്നും ബാങ്ക് ഭരണസമിതി പ്രതികരിച്ചു . എല്‍.ഡി.എഫ് ഭരണസമിതിയിൽ സി.പി.ഐയ്ക്കാണ് ഭൂരിപക്ഷം. ബാങ്കിനെ തകർക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നാണ് ഭരണസമിതി നിലപാട് .
Adjust Story Font
16