വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ 3 പേർ കൂടി അറസ്റ്റിൽ
നേരത്തെ പിടിയിലായവർക്ക് ഉത്തരം പറഞ്ഞ് നൽകിയവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ 3 പേർ കൂടി അറസ്റ്റിൽ. ഹരിയാനയിൽ നിന്ന് കേരളാ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടു പേർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. നേരത്തെ പിടിയിലായവർക്ക് തട്ടിപ്പിനുള്ള ഉപകരണങ്ങൾ നൽകിയതും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായവരിൽ ഒരാൾ ഗ്രാമമുഖ്യൻ ഇയാൾ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർപഞ്ച് പദവിയിലുള്ളയാൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇവരെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ഇതോടെ ഈ കേസിൽ 9 പേർ അറസ്റ്റിലായി.
വി.എസ്.എസ്.സിയിൽ ടെക്‌നീഷ്യമ്മാരെ നിയമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കുകയായിരുന്നു. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
മൂന്ന് ഉപകരണങ്ങളാണ് പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചത്. മൊബൈൽ ഫോണും ഇയർ ഫോണും തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു ഉപകരണവുമുണ്ട് ഇതിൽ. കാമറ വയ്ക്കാൻ പാകത്തിനാണു പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചതെന്നും ഇവർ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
Adjust Story Font
16