Quantcast

കോഴിക്കോട്ടെ ലോഡ്ജിൽ യുവതി മരിച്ചതിൽ ദുരൂഹത ; സുഹൃത്തിനെ കണ്ടെത്താനായില്ല

സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    27 Nov 2024 9:02 AM

Published:

27 Nov 2024 8:15 AM

Faseela
X

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശൂർ സ്വദേശി അബ്ദുൽ സനൂഫിനെ ഇതുവരെ കണ്ടെത്താനായില്ല. സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം രംഗത്തെത്തി.

മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ഇന്നലെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീലയോടൊപ്പം താമസിച്ചിരുന്ന സനൂഫിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞു.

സനൂഫിനെതിരെ ഫസീല നേരത്തെ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 24-ാം തിയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജിൽ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നും കണ്ടെത്തി. ഈ കാര്‍ മറ്റൊരു വ്യക്തിയുടേതാണ്. മുറിയില്‍ നിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



TAGS :

Next Story