43 ഗുണ്ടകളും 4 പിടികിട്ടാപ്പുള്ളികളും പിടിയിൽ; കൊച്ചി പൊലീസ് സ്‌പെഷ്യൽഡ്രൈവ് തുടരുന്നു
കൊലക്കേസിലടക്കം പ്രതികളായവരും ഉൾപ്പെടുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 36 കേസുകളാണ് റജിസ്റ്റർ ചെയ്തത്
കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ ഇന്നലെ രാത്രി മാത്രം 412 കേസുകൾ റജിസ്റ്റർ ചെയ്തു. 43 ഗുണ്ടകളും നാല് പിടികിട്ടാപ്പുള്ളികളും പിടിയിലായി. ഇതിൽ കൊലക്കേസിലടക്കം പ്രതികളായവരും ഉൾപ്പെടുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 36 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇത് കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും അമിത വേഗതക്കുമായി 98 കേസുകളും റജിസ്റ്റർ ചെയ്തു. കഴിഞ്ഞ കുറേ ആഴ്ച്ചകളായി കൊച്ചി സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ ഗുണ്ടകൾക്കെതിരെയുള്ള വ്യാപക നടപടി തുടരുകയാണ്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കേരളാ പൊലീസിന്റെ പ്രത്യേക നടപടിയാണിത്. 2061 പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.
തിരുവനന്തപുരത്ത് മാത്രം 297 പേർ അറസ്റ്റിലായി. കണ്ണൂർ സിറ്റി പരിധിയിൽ മാത്രം 130 പേരാണ് അറസ്റ്റിലായത്. പാലക്കാട് 137 പേരും കോഴിക്കോട് 69 പേരും അറസ്റ്റിലായി. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. എറണാകുളം റൂറലിൽ മാത്രം 107 പേരാണ് പിടിയിലായത്.
കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഡി.ജി.പി, പാലക്കാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് നടപടി. റെയ്ഡുകൾക്ക് എസ്.പിയാണ് നേതൃത്വം നൽകിയത്. റെയ്ഡ് വരും ദിവസങ്ങളിലും തുടരുമെന്നും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16