അവശ്യസാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി; നാളെ മുതൽ അരി, ഗോതമ്പ് തുടങ്ങിയവയുടെ വില കൂടും
ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തുകളഞ്ഞതോടെയാണ് ചില്ലറയായി തൂക്കിവിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്.
തിരുവനന്തപുരം: അരി, ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ അവശ്യസാധനങ്ങളുടെ വില തിങ്കളാഴ്ച മുതൽ വർധിക്കും. ജിഎസ്ടി കൗൺസിൽ നികുതി നിരക്കിൽ അപ്രതീക്ഷിത ഭേദഗതി വരുത്തിയതോടെയാണ് വില വർധനക്ക് കളമൊരുങ്ങിയത്. കഴിഞ്ഞ മാസം 28, 29 തിയ്യതികളിൽ ചേർന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തുകളഞ്ഞതോടെയാണ് ചില്ലറയായി തൂക്കിവിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.
തൈര്, മോര്, ലസ്സി എന്നിവക്ക് നാളെ മുതൽ വില വർധനയുണ്ടാവും. മിൽമ ഉൽപന്നങ്ങൾക്ക് നാളെ മുതൽ വില വർധിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി മീഡിയവണിനോട് പറഞ്ഞു. ജിഎസ്ടി ഏർപ്പെടുത്താത്തതിനാൽ പാൽ വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാക്ക് ചെയ്ത ഇറച്ചി, മീൻ, തേൻ, ശർക്കര തുടങ്ങിയവക്കും വില കൂടും.
നിരക്ക് വർധനയുണ്ടാകുന്ന സാധനങ്ങൾ/ സേവനങ്ങൾ
- അരി, ഗോതമ്പ് അടക്കമുള്ള ധാന്യ വർഗങ്ങൾ
- തൈര്, ലസ്സി, പനീർ, ഗോതമ്പ്
- മത്സ്യം, മാംസം, ശർക്കര, തേൻ, പപ്പടം
- ബാങ്ക് ചെക്കുകൾക്ക് 18% ജിഎസ്ടി
- ഐസിയു ഒഴികെ 5000 രൂപയിൽ കൂടുതൽ വാടക വരുന്ന ആശുപത്രി റൂമുകൾക്ക് നികുതി നൽകണം.
- മാപ്പുകൾക്കും ചാർട്ട് പേപ്പറുകൾക്കും 12 ശതമാനം ജിഎസ്ടി
- സോളാർ വാട്ടർ ഹീറ്ററുകളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമായി വർധിക്കും.
- മുറിച്ച് പോളിഷ് ചെയ്ത ഡയമണ്ടിന്റെ നികുതി 0.25 ശതമാനത്തിൽനിന്ന് 1.25 ശതമാനമായി വർധിക്കും.
- 1000 രൂപയിൽ താഴെ വാടകയുള്ള ഹോട്ടൽ റൂമുകൾക്ക് 12% ജിഎസ്ടി
- ബിസിനസ് ആവശ്യങ്ങൾക്കായി വാടകക്ക് നൽകുന്ന വീടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തും.
- വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിമാനയാത്രക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് ഇകണോമി ക്ലാസിന് മാത്രമായി പരിമിതപ്പെടുത്തും.
- എൽഇഡി ലൈറ്റ്, എൽഇഡി ബൾബുകൾ, കത്തികൾ, കട്ടിങ് ബ്ലേഡ്, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്‌നെർ, ബ്ലേഡ്, സ്പൂൺ, ഫോർക്ക്, തവി, കേക്ക് നിർമാണത്തിനുള്ള ഉൽപ്പന്നങ്ങൾ എന്നിവക്കും വില കൂടും.
വില കുറയുന്നവ
- കൃത്രിമ അവയവങ്ങൾ, ഓർത്തോപീഡിക് ഇംപ്ലാന്റ്‌സ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയും
- റോപ്പ് വേകളിലൂടെയുള്ള യാത്രക്കും ചരക്ക് നീക്കത്തിനും ജിഎസ്ടി നിരക്ക് കുറയും
- ഓപ്പറേറ്റർമാരുടെ സേവനത്തിനൊപ്പം വാടകക്ക് നൽകുന്ന ഗുഡ്‌സ് കാര്യേജുകളുടെ ജിഎസ്ടി 12 ശതമാനമായി കുറയും.
- വ്യക്തികൾ നടത്തുന്ന കൾച്ചറൽ പ്രോഗ്രാമുകൾക്കും ട്രെയിനിങ്ങുകൾക്കുമുള്ള നികുതിയിളവ് തുടരും.
Adjust Story Font
16