Quantcast

ഹോട്ടലിലും ബാറിലും 50 ശതമാനം പേർക്ക് പ്രവേശനം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ഇൻഡോർ സ്‌റ്റേഡിയവും നീന്തൽകുളവും തുറക്കാം

MediaOne Logo

Web Desk

  • Updated:

    2021-09-25 15:32:14.0

Published:

25 Sep 2021 1:16 PM GMT

ഹോട്ടലിലും ബാറിലും 50 ശതമാനം പേർക്ക് പ്രവേശനം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
X

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ ഇനിമുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ച പുതിയ ഇളവുകൾ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

നിബന്ധനകളോടെയാണ് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും കഴിയുക. പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല. രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. കഴിക്കാൻ എത്തുന്നവർക്കുള്ള വാക്സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല.

ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

സ്‌കൂളുകളും കോളേജുകളും ആഴ്ചകൾക്കുളളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്കും സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്ടോബർ 20 ന് മുമ്പ് തീർക്കണം. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അവർ കൃത്യമായ ദിവസങ്ങളിൽ വിദ്യാലയം സന്ദർശിക്കുകയും വേണം. പി.ടി.എകൾ വേഗം പുനഃസംഘടിപ്പിക്കണം - തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ പ്രവർത്തനക്ഷമത പൊലീസ് ഉറപ്പാക്കുമെന്നും പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടം പരിഹാരം ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നതിൽ വരുത്തിയ വ്യത്യാസം കൂടി പരിഗണിച്ച് തുക കൈമാറുമെന്നും ഓൺലൈനായി രേഖകൾ സജ്ജമാക്കിയതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത് പ്രകാരം ഉടൻ തന്നെ നഷ്ടപരിഹാരം നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുറത്തിറങ്ങാൻ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ കോവിഡ് വന്നു മാറിയവർക്കോ മാത്രമമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂവെന്ന് മുൻനിബന്ധ ഒഴിവാക്കിയെന്നും വാക്സിനേഷൻ 90 ശതമാനം എത്തിയ സാഹചര്യത്തിലാണ് നിബന്ധന മാറ്റിയതെന്നും പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് ഇതുവരെ: വിശദ റിപ്പോർട്ട് കാണാം...

കോവിഡിനെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് ഒന്നേ മുക്കാൽ വർഷത്തോളമായെന്നും 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിനേഷൻ നൽകിയതിനാൽ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നൽകി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ, ശരാശരി ആക്ടീവ് കേസുകൾ 1,70,669 ആയിരുന്നു. അതിൽ ശരാശരി 2 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവിൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളർച്ചാ നിരക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ അഞ്ചു ശതമാനം കുറഞ്ഞു.

വീണ്ടും രോഗം വരുന്നത് ആർക്ക്?

രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഈ വർഷത്തേക്കാൾ ആറു മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് റീഇൻഫെക്ഷൻ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.

നിലവിൽ സംസ്ഥാനത്തെ ആർ ഫാക്റ്റർ 0.94 ആണ്. ആർ ഫാക്റ്റർ ഒന്നിലും കുറയുമ്പോൾ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയർന്ന ആർ ഫാക്റ്റർ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആർ ഫാക്റ്റർ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആർ ഫാക്റ്റർ.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളിൽ 52.7% പേരും വാക്‌സിൻ എടുക്കാത്തവരാണ്.

ആരാണ് മരിക്കുന്നത്?

കോവിഡ് മരണങ്ങളിൽ 57.6 ശതമാനവും വാക്‌സിൻ എടുക്കാത്തവർക്കാണ് സംഭവിച്ചത്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തവരും, 7.9% പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരുമാണ്. വാക്‌സിൻ എടുത്തിട്ടും മരണമടഞ്ഞവരിൽ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതിൽ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.

എത്രപേർക്ക് വാക്‌സിൻ നൽകി?

പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിൻ നൽകാനായി. ആദ്യ ഡോസ് വാക്‌സിനേഷൻ 91.62 ശതമാനവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷൻ 39.47 ശതമാനവുമാണ് (1,05,41,148).

സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്‌സിൻ എടുക്കാനുള്ളത്.

TAGS :
Next Story