Quantcast

ശ്രുതി തരംഗം; 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കും, 66 ലക്ഷം അനുവദിച്ചു

സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന ശ്രുതിതരംഗം പദ്ധതി ഇനിമുതൽ എസ്എച്ച്എ വഴി നടപ്പാക്കും

MediaOne Logo

Web Desk

  • Updated:

    2023-07-23 08:07:42.0

Published:

23 July 2023 2:18 AM GMT

66 lakhs has been sanctioned to repair hearing aids for 33 children
X

തിരുവനന്തപുരം: ശ്രുതി തരംഗം പദ്ധതി വഴി ശ്രവണ സഹായികൾ നന്നാക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന ശ്രുതിതരംഗം പദ്ധതി ഇനിമുതൽ എസ്എച്ച്എ വഴി നടപ്പാക്കും. 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാനാണ് അടിയന്തരമായി തുക അനുവദിച്ചത്.

2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ചതാണ് ശ്രുതി തരംഗം പദ്ധതി. ഇതിന്റെ തുടർ നടത്തിപ്പിനായാണ് അടിയന്തരമായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി വഴി ആ വർഷം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണസഹായി കേടുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ശ്രവണസഹായിയിലുള്ള ഉപകരണങ്ങൾ കേടുവന്നാൽ നന്നാക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ശ്രവണസഹായി അപ്‌ഗ്രേഡ് ചെയ്യാനുള്ള നിർദേശം കമ്പനികൾ നൽകുകയും ചെയ്തിരുന്നു. ശ്രവണസഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാമൂഹികസുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന പദ്ധതികൾ സ്തംഭനാവസ്ഥയിലാണെന്നതാണ് ആശങ്ക വർധിപ്പിച്ചത്.

കോക്ലിയര്‍ ഇംപ്ലാന്‌റേഷനുള്ളവരെ കണ്ടെത്തുന്നതിനും റിപ്പയറിംഗും അപ്ഗ്രഡേഷനും ആവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും ടെക്‌നിക്കല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. പദ്ധതി നടപ്പാക്കുന്നതിന് പണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം 10ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ , എസ് എച്ച് എക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ മുഖ്യമന്ത്രി, ധനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം മുതലാണ് സാമൂഹിക സുരക്ഷാമിഷന് കീഴില്‍ നടപ്പാക്കിയിരുന്ന ശ്രുതിതംരംഗം പദ്ധതി. ആരോഗ്യവകുപ്പിലേക്ക് മറ്റിയത്..അടിയന്തര സഹായമായാണ് 60 ലക്ഷം രൂപ അനുവദിച്ചതെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു..

300ലധികം കുട്ടികളാണ് ശ്രവണസഹായി കേടുവന്നത് മൂലം കേൾവിക്കുറവ് അനുഭവിക്കുന്നത്. ഇനി മുതൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ആരോഗ്യ ഏജൻസി വഴി നടത്തും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ കോർപറേഷൻ ആണ് വാങ്ങുക. ഉപകരണങ്ങൾ നന്നാക്കുന്നതിന്റെയും പുതിയവ വാങ്ങുന്നതിന്റെയും കണക്കെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു.

ജന്മനാ ബധിരരായ കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെയാണ് കേൾവിശേഷി ലഭിച്ചത്. ഇവർക്ക് വച്ചുപിടിപ്പിച്ച ശ്രവണസഹായിയുടെ ഭാഗങ്ങൾ ഇപ്പോൾ കിട്ടാനില്ല. ഇവയുടെ നിർമാണം കമ്പനി നിർത്തിയതാണ് കാരണം. ഇതോടെ കുട്ടികളും രക്ഷിതാക്കളും ദുരിതത്തിലാവുകയായിരുന്നു.

TAGS :

Next Story